കമൽഹാസൻ | ഫോട്ടോ: എ.എഫ്.പി
ചെന്നൈ: ജല്ലിക്കെട്ട് വിഷയത്തിൽ തമിഴ്വീര്യം പ്രകടമാക്കി നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസൻ. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാടിന്റെ തെക്കൻജില്ലകളിൽ അരങ്ങേറുന്ന ജല്ലിക്കെട്ടുമത്സരം ചെന്നൈയിലും നടത്തുമെന്ന് കമൽ പ്രഖ്യാപിച്ചു.
‘‘ചെന്നൈയിൽ ജല്ലിക്കെട്ട് നടത്തണമെന്നത് എന്റെ ആഗ്രഹമാണ്. അതിനുളള ഒരുക്കത്തിലാണ്. വേദി ഉടൻ പ്രഖ്യാപിക്കും’’-വെളളിയാഴ്ച ചെന്നൈയിൽ പാർട്ടിപ്രതിനിധികളുമായി ചേർന്ന യോഗത്തിനുശേഷം കമൽഹാസൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ജല്ലിക്കെട്ടിനായി വൻപ്രക്ഷോഭം അരങ്ങേറിയ ചെന്നൈ മറീന കടൽക്കരയിൽ മത്സരംനടത്താനാണ് കമൽഹാസന്റെ ആഗ്രഹം. അധികൃതരിൽനിന്ന് അനുമതി നേടിയാലുടൻ ഒരുക്കങ്ങൾ തുടങ്ങും. തമിഴകത്തിന്റെ പരമ്പരാഗത കായികവിനോദമായ ജല്ലിക്കെട്ടിന്റെ ഭംഗിയും മഹത്ത്വവും നഗരവാസികൾക്കുകൂടി കാട്ടിക്കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും കമൽ പറഞ്ഞു.
2017-ൽ മറീനയിൽ നടന്ന ജല്ലിക്കെട്ടു പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ് കമൽഹാസൻ. കേരളത്തിൽ പൂരത്തിനും മറ്റും ആനയെ എഴുന്നള്ളിക്കാമെങ്കിൽ തമിഴ്നാട്ടിൽ എന്തുകൊണ്ട് ജല്ലിക്കെട്ടു നടത്തിക്കൂടായെന്ന് അദ്ദേഹം അന്ന് ചോദിച്ചിരുന്നു.
കേരളത്തിൽ മദമിളകിയ ആനകളുടെ കുത്തേറ്റ് ധാരാളംപേർ മരിക്കുന്നു. എന്നിട്ടും ആനയെഴുന്നള്ളിപ്പ് തടയുന്നില്ല. മണിക്കൂറുകളോളം ആനകളെ വെയിലത്തുനിർത്തുന്നു. ചെണ്ടയും വാദ്യമേളങ്ങളുംകൊണ്ട് അവയുടെ കാതടിപ്പിക്കുന്നു. കേരളത്തിനും തമിഴ്നാട്ടിനും രണ്ടുനിയമം പാടുള്ളതല്ലെന്നും കമൽഹാസൻ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: kamal haasan to organise jallikattu in chennai, pongal 2023 celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..