മെഡിക്കൽ പഠനത്തിന് പണം കണ്ടെത്താൻ കൃഷിപ്പണിക്കിറങ്ങിയ കനിമൊഴിയുടെ കഥ കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. തമിഴ്‌നാട്ടിലെ സിരുവചൂര്‍ ധനലക്ഷ്മി ശ്രീനിവാസന്‍ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ് കനിമൊഴി എന്ന ഇരുപത്തിയൊന്നുകാരി. പഠനത്തിനുള്ള ഫീസിന് പണം കണ്ടെത്താനായി അച്ഛനോടൊപ്പം 150 രൂപ ദിവസക്കൂലിക്കാണ് കനിമൊഴി പാടത്തു പണിക്കു പോകുന്നത്. 

കനിമൊഴിയുടെ കഠിനമായ ജീവിത സാഹചര്യവും പഠിക്കാനുള്ള നിശ്ചയദാര്‍ഢ്യവും കണ്ട് നേരിട്ടും അല്ലാതെയും ഒട്ടേറെ പേര്‍ അഭിനന്ദനങ്ങളറിയിച്ചിരുന്നു. ഒടുവിലിതാ ഉലകനായകന്‍ കമലഹാസനും സഹായഹസ്തം നീട്ടി എത്തിയിരിക്കുകയാണ്. കമല്‍ അഭിനന്ദിക്കുക മാത്രമല്ല, എംബിബിഎസ് പഠനവും അതിനു ശേഷമുള്ള ഉന്നതപഠനത്തിനും സ്‌കില്‍ ഡവലപ്‌മെന്റ് എന്നിവയ്ക്കുളള ചെലവും വഹിക്കുമെന്ന ഉറപ്പും നല്‍കുകയും ചെയ്തിരിക്കുകയാണ്.

പെരംബാലൂര്‍ സ്വദേശിനിയായ കനിമൊഴി മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കുന്നതിനായി കൂലിപ്പണിക്ക് പോകുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അണ്ണന്‍ ചന്ദ്രഹാസന്‍ ട്രസ്റ്റ് വഴി അവരുടെ പഠന ചെലവുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ അവരുടെ എംബിബിഎസ് പഠനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നീടുള്ള ഉന്നത പഠനം, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്കുള്ള ചെലവും ട്രസ്റ്റ് ഏറ്റെടുക്കും. വാര്‍ത്ത പുറത്തു കൊണ്ട് വന്ന പുതിയ തലൈമുറൈ ടിവിയ്ക്ക് കമല്‍ഹാസന്‍ നന്ദിയും അറിയിച്ചു. കമല്‍ഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റാണ് കനിമൊഴിയുടെ പഠനചെലവുകള്‍ വഹിക്കുന്നത്.

2014ല്‍ സര്‍ക്കാര്‍ കോട്ടയില്‍ കോഴ്‌സിന് ചേര്‍ന്നതാണ് കനിമൊഴി. അഞ്ചു ലക്ഷം രൂപയാണ് ഒരു വര്‍ഷത്തെ ഫീസ്. അതില്‍ മൂന്നു ലക്ഷത്തോളം രൂപ പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വഴിയും ബാക്കി തുക സ്വന്തമായും നല്‍കി വന്നു. എന്നാല്‍ നാല് വര്‍ഷവും ആറു മാസവും മാത്രമാണ് സ്‌കോളര്‍ഷിപ്പിന്റെ കാലാവധി. അതിനു ശേഷമുള്ള തുകയാണ് ട്രസ്റ്റ് ആദ്യ ഘട്ടത്തില്‍ നല്‍കുക.

Kamal haasan

kamal haasan

ദുബായില്‍ ദിവസ വേതന ജോലിക്കാരനായിരുന്ന കനിമൊഴിയുടെ അച്ഛന്‍ പിച്ചൈമണി തന്റെ മുഴുവന്‍ സമ്പാദ്യവും വിറ്റും പണയം വച്ചും എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മകളെ പഠിപ്പിച്ചിരുന്നത്. പണം തികയാതെ വന്നപ്പോഴാണ് ക്ലാസില്ലാത്ത ദിവസങ്ങളില്‍ മകള്‍ അച്ഛനൊപ്പം പാടത്ത് ജോലിയ്ക്കു പോയിരുന്നത്. 

Content Highlights: Kamal haasan supports MBBS student in Tamil nadu to continue her studies