ചെന്നെെ: ഇന്ത്യൻ 2 സെറ്റിൽ നടന്ന അപകടത്തിൽ മരിച്ച മൂന്ന് സിനിമാപ്രവർത്തകരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം ധനസഹായം നൽകി കമൽഹാസൻ. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് അപകടം നടന്ന സമയത്ത് കമൽഹാസൻ വാ​ഗ്ദാനം നൽകിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പതിനാണ് ഇന്ത്യൻ 2 ന്റെ സെറ്റിൽ അപകടം സംഭവിക്കുന്നത്. അസിസ്റ്റൻന്റ് ഡയറക്ടർ കൃഷ്ണ, ആർട് അസിസ്റ്റന്റ് ചന്ദ്രൻ, പ്രൊഡക്ഷൻ അസിസ്റ്റന്റ് മധു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതവും അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ലൈറ്റ്മാന് എൺപത് ലക്ഷവും നിസാര പരിക്ക് പറ്റിയവർക്ക് പത്ത് ലക്ഷവും വീതം നാല് കോടി രൂപയാണ് കമലും സംവിധായകൻ ശങ്കറും ചിത്രത്തിൻറെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും ചേർന്ന് നൽകിയത്.

ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ) പ്രസിഡൻറ് ആർ കെ സെൽവമണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്ന് സിനിമാപ്രവർത്തകരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്കായി നാല് കോടി രൂപ കൈമാറിയത്.

ചെന്നൈ പൂനമല്ലിയിലെ ചിത്രീകരണസ്ഥലത്താണ് അപകടമുണ്ടായത്. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിൻ പൊട്ടിവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് കമലും ശങ്കറും അന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Content Highlights :Kamal Haasan Shankar pay Rs 4 crore as compensation for Indian 2 accident victims