കമൽ ഹാസൻ, ഫഹദ് ഫാസിൽ | ഫോട്ടോ: എ.എൻ.ഐ, സിജോ ജോസഫ് | മാതൃഭൂമി ലൈബ്രറി
ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി ഉലകനായകൻ കമൽ ഹാസൻ. ഫഹദിന്റെ പുതിയ ചിത്രമായ മലയൻകുഞ്ഞിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് കമൽ ഹാസൻ എഴുതിയത്.
"ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ." കമൽ ഹാസൻ എഴുതി.
ലോകേഷ് കനകരാജ് കമൽ ഹാസനെ നായകനാക്കി സംവിധാനം വിക്രമിൽ ഫഹദ് ഫാസിലും ഒരു പ്രധാനവേഷത്തിലുണ്ടായിരുന്നു. അമർ എന്ന കഥാപാത്രമായാണ് ഫഹദ് എത്തിയത്. നേരത്തേ മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വീറ്റ് ചെയ്തുകൊണ്ട് സൂര്യയും ഫഹദിന് അഭിനന്ദനവുമായി എത്തിയിരുന്നു.
ഒരു സർവൈവൽ ത്രില്ലറായാണ് 'മലയൻകുഞ്ഞ്' ഒരുങ്ങുന്നത്. രജിഷ വിജയനാണ് നായിക. കഴിഞ്ഞ ദിവസം ക്ലോസ്ട്രോഫോബിയുള്ളവർ ചിത്രം കാണുമ്പോൾ സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയിരുന്നു.
നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസിലാണ് നിർമാണം. രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസിൽ നായകനായ മലയാളചിത്രം തിയേറ്ററിൽ എത്തുന്നത്. ട്രാൻസ് ആണ് ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്ത ഫഹദിന്റെ മലയാളചിത്രം.
ടേക്ക് ഓഫ്, സി യു സൂൺ, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകൻ മഹേഷ് നാരായണൻ ആണ് 'മലയൻകുഞ്ഞി'നായി തിരക്കഥയും ഛായാഗ്രഹണവും ഒരുക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്‌മാൻ സംഗീതം നൽകുന്ന മലയാളചിത്രമാണ് മലയൻകുഞ്ഞ്. ജൂലൈ 22-ന് ചിത്രം റിലീസ് ചെയ്യും.
Content Highlights: kamal haasan praising fahadh faasil, malayankunju movie, malayankunju trailer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..