ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍  മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്റെ പാര്‍ട്ടി മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമല്‍ മത്സരിച്ചിരുന്നില്ല. തന്റെ നിയോജകമണ്ഡലം ഏതാണെന്ന് പിന്നീട്‌ പ്രഖ്യാപിക്കുമെന്ന് കമല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് തെക്കന്‍ തമിഴ്‌നാട്ടില്‍ നടത്തുന്ന പര്യടനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

രജനികാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണയിലുണ്ടെന്നും കമല്‍ പറഞ്ഞു. ഡിസംബര്‍ 31-ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം അതെക്കുറിച്ച് ചിന്തിക്കുമെന്നും കമല്‍ പറഞ്ഞു. "രജനി എന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിപ്പക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്." കമല്‍ പറഞ്ഞു.

അഴിമതിയെ ഉന്മൂലനം ചെയ്യുക എന്നതാണ് മക്കള്‍ നീതി മയ്യത്തിന്റെ പ്രധാന ലക്ഷ്യം. തന്റെ പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍നിന്ന് ലഭിക്കുന്ന പിന്തുണയില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് കടുത്ത ആശങ്കയുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.  

Content Highlights: Kamal Haasan on Contesting Next assembly election 2021, Makkal Needhi Maiam, Rajinikanth Political party