ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന് ‘മന്നി’ ചേട്ടത്തിയമ്മ മാത്രമല്ല, അമ്മയെപ്പോലെയാണ്. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ മത്സരിക്കാൻ പത്രിക സമർപ്പിക്കാൻ പോകുന്നതിനുമുമ്പ് ആദ്യം അനുഗ്രഹം വാങ്ങിയതും 'മനി'യിൽ നിന്നായിരുന്നു. കമൽഹാസന്റെ ജ്യേഷ്ഠസഹോദരനും നടനുമായ ചാരുഹാസന്റെ ഭാര്യയാണ് കോമളം എന്ന 'മന്നി'.

ഈ മുഹൂർത്തത്തിന് സാക്ഷിയായി മന്നിയുടെ മകളും നടിയും സംവിധായികയുമായ സുഹാസിനിയും കമലിന്റെ മകൾ അക്ഷരയും ഉണ്ടായിരുന്നു. സുഹാസിനി ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ബാലതാരമായി അഭിനയം തുടങ്ങിയ കമൽഹാസന് ഏറ്റവുമധികം പിന്തുണയും പ്രോത്‌സാഹനവും നൽകിയത് ചാരുഹാസനായിരുന്നു. ഇരുവരും തമ്മിൽ 24 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും കമലിനെ വളർത്തിയത് ചാരുഹാസനും ഭാര്യ കോമളവുമായിരുന്നു. അതുകൊണ്ടുതന്നെ മന്നി തന്റെ അമ്മതന്നെയാണെന്നും ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നുമാണ് കമൽ പറയുന്നത്. ചെന്നൈയിലെ സിനിമക്കാർക്കിടയിലും പരിചിതർക്കിടയിലും കോമളം അറിയപ്പെടുന്നത് മന്നി എന്ന പേരിലാണ്.

അടുത്തിടെ സുഹാസിനി സംവിധാനം ചെയ്ത 'കോഫി, എനിവൺ' എന്ന സിനിമയിൽ സുഹാസിനിയുടെ അമ്മ വേഷത്തിൽ കോമളം അഭിനയിച്ചിരുന്നു. കമൽഹാസന്റെ മറ്റൊരു സഹോദരൻ ചന്ദ്രഹാസന്റെ മകളും നടിയുമായ അനു ഹാസൻ, കമലിന്റെ മകൾ ശ്രുതി ഹാസൻ എന്നിവരും ഇതിൽ അഭിനയിച്ചു. കോയമ്പത്തൂർ സൗത്തിൽനിന്നാണ് കമൽ സ്ഥാനാർഥിയായി കന്നിയങ്കംകുറിക്കുന്നത്.

Content Highlights: Kamal Haasan Meets Komalam Haasan Before submitting nomination election