ചെന്നൈ : രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ചുവെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്തിന്റെ പിന്തുണ ആർക്കായിരിക്കുമെന്ന ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. സർക്കാരിന്റെ മികച്ച പ്രവർത്തനം മനസ്സിലാക്കി ഭാവിയിൽ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് എ.ഐ.എ.ഡി.എം.കെ. യുടെ പ്രതികരണം. ഇതേസമയം സംസ്ഥാനത്ത് മാറ്റം കൊണ്ടുവരുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്ന സുഹൃത്തായ കമൽഹാസനെ പിന്തുണയ്ക്കാനുള്ള സാധ്യത തള്ളാനാകില്ല. രജനി പാർട്ടി ആരംഭിച്ചാൽ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് കമൽ നേരത്തേത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമായിരിക്കണമെന്നാണ് ആരാധകരെപ്പോലെ താനും ആഗ്രഹിക്കുന്നതെന്നാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിൽനിന്നുള്ള പിൻമാറ്റത്തെക്കുറിച്ച് കമലിന്റെ പ്രതികരണം. ‘‘എന്റെ രജനി എന്നും സുരക്ഷിതനായിരിക്കണം. എവിടെയാണെങ്കിലും സുരക്ഷിതനായിരിക്കണം’’ -തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികരിച്ച കമൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രചാരണം കഴിഞ്ഞതിനുശേഷം ചെന്നൈയിൽ തിരിച്ചെത്തുന്ന താൻ ഉടൻതന്നെ രജനിയെ കാണുമെന്നും കമൽ അറിയിച്ചു.

രജനിയുമായുള്ള കൂടിക്കാഴ്ചയിൽ കമൽ പിന്തുണ തേടുമെന്നാണ് കരുതപ്പെടുന്നത്. രജനീകാന്ത് രാഷ്ട്രീയപ്രവേശം വേണ്ടെന്നുെവച്ചാൽ പിന്തുണ തേടുമോയെന്ന് മുമ്പ് ചോദിച്ചപ്പോൾ തമിഴ്‌നാട്ടിലെ നല്ലവരായ എല്ലാവരുടെയും പിന്തുണ തേടുന്ന താൻ എന്തുകൊണ്ട് ഉറ്റസുഹൃത്തിനെ മാത്രം ഒഴിവാക്കണമെന്നായിരുന്നു കമലിന്റെ മറുപടി.

രജനി പാർട്ടിയുണ്ടാക്കിയാൽ സഖ്യം അല്ലെങ്കിൽ പിന്തുണ എന്ന നിലപാടായിരുന്നു കമൽ സ്വീകരിച്ചിരുന്നത്. കമലിന്റെ രാഷ്ട്രീയപ്രവേശത്തെ മുമ്പ് സ്വാഗതം ചെയ്ത രജനീകാന്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യത്തിന്റെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു.

രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കും. 1996 നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലും രജനിയുടെ നിലപാടിന് പ്രധാന്യമുണ്ടെന്നാണ് തുഗ്ലക് പത്രാധിപരും ആർ.എസ്.എസ്. സൈദ്ധാന്തികനുമായ എസ്. ഗുരുമൂർത്തി പ്രതികരിച്ചത്.

എ.ഐ.എ.ഡി.എം.കെ. യുമായി സഖ്യത്തിൽ മത്സരിക്കുന്ന ബി.ജെ.പി.ക്ക്‌ രജനിയുടെ പിന്തുണ ലഭിക്കാനുള്ള സാധ്യത കുറവാണ്. എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ ഭരണത്തെ എതിർത്താണ് രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. നേരിട്ടല്ലെങ്കിലും ഡി.എം.കെ. ഭരണത്തെയും എതിർത്തിരുന്നതിനാൽ അവർക്കും പിന്തുണ നൽകാൻ സാധ്യതകുറവാണ്. നിലവിലെ സാഹചര്യത്തിൽ കമലിനെ പിന്തുണയ്ക്കാനുള്ള സാധ്യതയേറെയാണ്.

Content Highlights: Kamal Haasan expects support From Rajanikanth after he cancels political entry