മാമന്നൻ ഓഡിയോ ലോഞ്ചിൽ ഗാനം ആലപിക്കുന്ന വടിവേലു, കമൽ ഹാസൻ |ഫോട്ടോ: സ്ക്രീൻഗ്രാബ്
നീണ്ട ഇടവേളയ്ക്ക് ശേഷം മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതകൊണ്ടും താരനിരകൊണ്ടും സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മാമന്നൻ'. എ.ആർ. റഹ്‌മാൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെ ലോഞ്ച് ഈയിടെ നടന്നിരുന്നു. ഈ ചടങ്ങിൽ നടന്ന ഒരു സംഭവം വാർത്തകളിൽ ഇടംപിടിക്കുകയാണ്.
'മാമന്നനി'ലേതായി ആദ്യം പുറത്തു വന്നത് രാസാക്കണ്ണ് എന്ന ഗാനമായിരുന്നു. വടിവേലു ആലപിച്ച നാടൻപാട്ട് ശൈലിയിലുള്ള ഗാനം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഓഡിയോ ലോഞ്ചിനിടെ ഈ ഗാനം വടിവേലുവും എ.ആർ. റഹ്‌മാനും ചേർന്ന് വേദിയിൽ ആലപിച്ചിരുന്നു. ഈ ഗാനം കേട്ട് ചടങ്ങിൽ സന്നിഹിതനായിരുന്ന കമൽഹാസൻ വികാരഭരിതനായി കരഞ്ഞു. ഇതിന്റെ വീഡിയോ എ.ആർ. റഹ്‌മാന്റെ സോഷ്യൽ മീഡിയ ഫാൻസ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുകയാണ്.
'മാമന്നൻ' ഓഡിയോ ലോഞ്ച് ചടങ്ങിലെ പ്രത്യേക അതിഥിയായിരുന്നു കമൽഹാസൻ. നേരത്തേ സംവിധായകൻ മാരി സെൽവരാജിനൊപ്പം കമൽ 'മാമന്നൻ' കണ്ടിരുന്നു. ഓഡിയോ ലോഞ്ച് വേദിയിൽവെച്ച് ചിത്രത്തെയും സംവിധായകനേയും പുകഴ്ത്തി സംസാരിക്കുകയും ചെയ്തു അദ്ദേഹം. കോടിക്കണക്കായ ജനങ്ങളുടെ ശബ്ദം ഈ ചിത്രത്തിലൂടെ പുറംലോകമറിയും എന്നായിരുന്നു ഉലകനായകന്റെ വാക്കുകൾ.
ഉദയനിധി സ്റ്റാലിൻ അഭിനയിക്കുന്ന അവസാനത്തെ ചിത്രംകൂടിയാണ് 'മാമന്നൻ'. വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.
Content Highlights: kamal haasan crying at maamannan audio launch, vadivelu and ar rahman, mari selvaraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..