മീ ടൂ ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ തന്റെ പരിപാടിയിലേക്ക് ക്ഷണിച്ച നടന്‍ കമല്‍ ഹാസനെതിരേ കടുത്ത വിമര്‍ശനം ഉയരുന്നു. മീ ടൂ കാമ്പയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്ന സിനിമാ പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ഉലകനായകന്‍ കമല്‍ഹാസന്‍.
സ്ത്രീകളുടെ ആത്മാഭിമാനം പുരുഷന്‍മാരുടെ കയ്യിലല്ലെന്നും പുരോഗമന സമൂഹം എന്ന നിലയില്‍ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും കഴിഞ്ഞ വര്‍ഷം ഒരു പൊതു പരിപാടിയില്‍ കമല്‍ പറഞ്ഞിരുന്നു. മീ ടൂ കാമ്പയിന്‍ ഒരു പുതിയ മുന്നേറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ കമലിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കമലിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളില്‍ വൈരമുത്തുവും ഉള്‍പ്പെട്ടതാണ് വലിയ വിമര്‍ശനത്തിന് വഴി തെളിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കമല്‍ഹാസനെന്ന വ്യക്തിയും നടനും രാഷ്ട്രീയ പ്രവര്‍ത്തകനും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തുവന്നു. വൈരമുത്തുവിന് പുറമെ രജനികാന്ത്, മണിരത്‌നം എന്നിവരും ചടങ്ങിലെത്തിയിരുന്നു.
ലൈംഗിക അതിക്രമത്തിനെതിരേയുള്ള സ്ത്രീകളുടെ പോരാട്ടമെന്ന പേരില്‍ ശ്രദ്ധ നേടിയ മി ടൂ കാമ്പയിൻ സിനിമാരംഗത്ത് സൃഷ്ടിച്ച കോളിളക്കങ്ങള്‍ വലുതായിരുന്നു. രാജ്യത്ത് സിനിമാ മേഖലയിലെ തുറന്നുപറച്ചിലിലൂടെ വിവാദമായ വര്‍ഷമാണ് 2018. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ ചിന്‍മയിയിലൂടെ തെന്നിന്ത്യയിലും മീ ടൂ തരംഗം സൃഷ്ടിച്ചു. ചിന്‍മയിയാണ് വൈരമുത്തുവിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്.
കമലിനെ വിമര്‍ശിച്ച് ചിന്‍മയിയും രംഗത്തെത്തിയിട്ടുണ്ട്. പൊതുഇടങ്ങില്‍ നില്‍ക്കുന്ന പീഡകര്‍ക്ക് എങ്ങിനെ പ്രതിച്ഛായ കെട്ടിപ്പടുക്കണമെന്ന് അറിയാം. അതും പൊതുവേദികളില്‍ കരുത്തും പിന്തുണയുമെല്ലാം പ്രദര്‍ശിപ്പിച്ച്. ചിലര്‍ക്ക് പിന്നണിയില്‍ ശക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരിക്കും. ഈയൊരു കാര്യമാണ് വര്‍ഷങ്ങളോളം എന്നെ ഭയചകിതയാക്കിയിരുന്നത്-ചിന്‍മയി ട്വീറ്റ് ചെയ്തു.
Content Highlights: Kamal Haasan criticized for inviting Vairamuthu for event Chennai, after supporting Me too movement, Chinmayi