ചെന്നൈ: നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കള്‍ നീതി മയ്യത്തില്‍ നിന്ന് രാജിവച്ച് പുറത്ത് പോയ വൈസ് പ്രസിഡന്റ് ആര്‍ മഹീന്ദ്രനെതിരേ കമല്‍ ഹാസന്‍. മഹീന്ദ്രനെ ചതിയന്‍ എന്നാണ് കമല്‍ വിശേഷിപ്പിച്ചത്. ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു 'പാഴ്‌ച്ചെടി' കൂടി എംഎന്‍എമ്മില്‍നിന്ന് പുറത്ത് പോയെന്നായിരുന്നു കമലിന്റെ പ്രതികരണം.

ആര്‍. മഹേന്ദ്രനെക്കൂടാതെ പൊന്‍രാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് പാര്‍ട്ടി വിട്ടത്. കമലിന്റെ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചില ഉപദേശകരുടെ കൈപ്പിടിയിലാണെന്നും രാജിസമര്‍പ്പിച്ചതിനുശേഷം മഹേന്ദ്രന്‍ ആരോപിച്ചു. ജനറല്‍ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമാരവേല്‍, എം. മുരുകാനന്ദം, ഉപദേശകന്‍ സുരേഷ് അയ്യര്‍ എന്നിവരും കമല്‍ഹാസന്റെ പ്രവര്‍ത്തനശൈലിയില്‍ പ്രതിഷേധിച്ച് രാജിസമര്‍പ്പിച്ചിട്ടുണ്ട്.

നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം ശരിയായ ദിശയിലല്ലായിരുന്നുവെന്നും ഇതേക്കുറിച്ച് പറഞ്ഞിട്ടും അംഗീകരിക്കാന്‍ കമല്‍ഹാസന്‍ തയ്യാറായില്ലെന്നും മഹേന്ദ്രന്‍ ആരോപിച്ചു. ഒരിടത്തുപോലും ജയിക്കാന്‍കഴിഞ്ഞില്ലെങ്കിലും ശൈലിമാറ്റാന്‍ കമല്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിവിടാന്‍ തീരുമാനിച്ചതെന്നും മഹേന്ദ്രന്‍ പറഞ്ഞു.

മോശം പ്രകടനത്തിനുകാരണം പ്രചാരണത്തിലെ പോരായ്മയാണെന്ന് പാര്‍ട്ടിവിട്ട നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതംഗീകരിക്കാന്‍ കമല്‍ തയ്യാറായിരുന്നില്ല.

ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രന്‍ ഇത്തവണ കോയമ്പത്തൂരിലെ സിങ്കാനല്ലൂരില്‍ മത്സരിച്ചിരുന്നു. എ.ജി. മൗര്യ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. മുന്‍ രാഷ്ട്രപത്രി ഡോ. അബ്ദുല്‍കലാമിന്റെ ശാസ്ത്ര ഉപദേശകനായിരുന്നു പൊന്‍രാജ്. പാര്‍ട്ടിയില്‍ സ്വയവിമര്‍ശനം സാധിക്കാത്തതാണ് രാജിക്കുകാരണമെന്ന് പൊന്‍രാജ് പറഞ്ഞു. നിയമസഭയില്‍ സീറ്റുകിട്ടാത്തതില്‍ പ്രതിഷേധിച്ച് സ്ഥാപകനേതാക്കളില്‍ ഒരാളായ കമീല നാസര്‍ മുമ്പ് സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പിന്നീട് ഇവരെ പാര്‍ട്ടിയില്‍നിന്ന് നീക്കിയിരുന്നു. 

Content Highlights: Kamal Haasan calls mahendran a betrayer, makkal needhi maiam