കമൽ ഹാസൻ, സോമനൊപ്പം കമൽ ഹാസൻ (ഫയൽ ചിത്രം)
തിരുവല്ല: ബാൻഡേജിട്ട കാലുമായി ആദ്യംകണ്ട സോമൻ പിന്നീട് തന്റെ വല്യേട്ടനായി മാറിയത് അനുസ്മരിച്ച് നടൻ കമൽഹാസൻ. എം.ജി.സോമൻ വിടവാങ്ങിയതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സായാഹ്നത്തിലായിരുന്നു കമലിന്റെ വികാരനിർഭരമായ അനുസ്മരണം. സോമന് 12 വയസ്സിന്റെ മൂപ്പുണ്ടായിരുന്നെങ്കിലും എടാ, പോടാ വിളികളായിരുന്നു ഞങ്ങൾ തമ്മിൽ.
കേരളത്തിലെത്തിയാൽ ഞങ്ങൾ ഒരുമിച്ചാകും മിക്കപ്പോഴും താമസം. സോമന്റെ പേരിലുള്ള ഏത് ചടങ്ങിൽ പങ്കെടുക്കുന്നതും എനിക്ക് കുടുംബക്കാര്യമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
എം.ജി.സോമൻ ഫൗണ്ടേഷന്റെ അഞ്ചുലക്ഷം രൂപയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മന്ത്രി വി.എൻ.വാസവനിൽനിന്ന് കമൽഹാസൻ ഏറ്റുവാങ്ങി. സോമന്റെ സ്മരണ നിലനിർത്താൻ നല്ല നാടകക്കളരികളും മോഡൽ തിയേറ്ററും സ്ഥാപിക്കാൻ അവാർഡിനേക്കാൾ കൂടിയ തുക തിരിച്ചുനൽകാമെന്ന് കമൽഹാസൻ പറഞ്ഞു.
.jpg?$p=74dd70a&&q=0.8)
സോമന്റെ സ്മരണ നിലനിർത്താൻ സർക്കാർ സഹായം-മന്ത്രി
എം.ജി.സോമന്റെ പ്രതിഭയ്ക്കൊത്ത ആദരം മരണശേഷം അദ്ദേഹത്തിന് ലഭിച്ചോ എന്നത് സംശയമാണെന്ന് സ്മൃതി സായാഹ്നം ഉദ്ഘാടനംചെയ്ത് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സോമന്റെ സ്മരണ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായം ഉണ്ടാകും. അടുത്ത ബജറ്റിൽ ഇതിനാവശ്യമായ തുക ഉൾപ്പെടുത്തും. ഫൗണ്ടേഷൻ നടത്തുന്ന നാടകക്കളരിപോലുള്ളവ കൂടുതൽ പ്രോത്സാഹിക്കപ്പെടണം,-മന്ത്രി പറഞ്ഞു.
അവരുടെ ഓർമകളിൽ സ്നേഹവും കരുതലും
കൈപിടിച്ചവർ, ഒപ്പംനിന്നവർ, വളർത്തിക്കൊണ്ടു വന്നവർ... ഓർമകളിൽ എം.ജി.സോമൻ നിറയുകയായിരുന്നു സദസ്സിൽ. സോമനൊപ്പം അഭിനയിച്ച മുഹൂർത്തങ്ങൾ വിവരിക്കുമ്പോൾ നടി വിധുബാലയ്ക്ക് കണ്ഠമിടറി. ആദ്യമായി വിമാനത്തിൽ കയറാനുള്ള ടിക്കറ്റുവാങ്ങി നൽകിയ സോമനെ നടൻ കുഞ്ചൻ അനുസ്മരിച്ചു. സിനിമയുടെ ലോകത്തേക്ക് വിളിച്ചുകൊണ്ടുപോയ സോമനെയാണ് തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി അനുസ്മരിച്ചത്. ഒന്നിച്ചുനടന്ന സുഹൃത്തിനെക്കുറിച്ച് ഒരുപാടുപറഞ്ഞാൽ കരയുന്നത് സദസ്സ് കാണുമെന്നുപറഞ്ഞ് ജനാർദനൻ പ്രസംഗം അവസാനിപ്പിച്ചു. പ്രായത്തിൽ ഒരുപാട് മുതിർന്നതെങ്കിലും ‘സോമാ’ എന്ന് വിളിക്കുന്ന സ്വാതന്ത്ര്യം നടൻ വിജയരാഘവൻ വിവരിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി അധ്യക്ഷത വഹിച്ചു. നടി സീമ, സംവിധായകരായ ഹരിഹരൻ, ഭദ്രൻ, രൺജി പണിക്കർ, കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, സജി ചെറിയാൻ എം.എൽ.എ. തുടങ്ങിയവർ പ്രസംഗിച്ചു. അത്തനാസിയോസ് യൊഹാൻ മെത്രാപ്പൊലീത്ത, സ്വാമി നിർവിണ്ണാനന്ദ, ഇമാം അൽ അസീസ് മൗലവി, ഗീവർഗീസ് മാർ കൂറിലോസ് തുടങ്ങിയവർ ചേർന്ന് ദീപംതെളിച്ചു. സോമന്റെ ഭാര്യ സുജാതയും മക്കൾ സജി, സിന്ധു എന്നിവരും പങ്കെടുത്തു.
Content Highlights: Kamal Haasan attends Soman's 25th death anniversary, shares memory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..