കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ രം​ഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു.

മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ സന്തോഷ് ബാബുവിനെ തന്റെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. 

"കർഷകരുമായി സംസാരിക്കുക എന്നത് മാത്രമാണ് ഇനി പ്രധാനമന്ത്രി ചെയ്യേണ്ടത്. ഇപ്പോൾ തന്നെ അതിനുള്ള സമയം അതിക്രമിച്ചു. നിങ്ങൾ സംസാരിച്ചേ മതിയാകൂ. കാരണം അത് രാജ്യത്തിൻ‌റെ ആവശ്യമാണ്. നിങ്ങളും വിശ്വസിക്കുന്നത് രാജ്യത്തിന്റെ നന്മയിലാണല്ലോ...കൃഷി കാര്യമായി എടുക്കേണ്ട ഒന്നാണ്. ഇത് അപേക്ഷയല്ല. രാഷ്ട്രീയ പാർട്ടികളുടെ അതിർവരമ്പുകൾ മാറ്റി വച്ച് പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണം"...കമൽഹാസൻ പറഞ്ഞു

കർഷക സമരത്തെ മോദി സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു, 'എനിക്ക് വയലിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷെ റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൻ വായിക്കരുത്'

Content Highlights : Kamal Haasan against Modi Government on farmers agitation wants PM to have a dialogue with Farmers