കമൽഹാസൻ | ഫോട്ടോ: എ.പി
സിനിമാപ്രേക്ഷകർക്ക് കമൽഹാസനെന്നാൽ സകലകലാവല്ലഭനാണ്, ഉലകനായകനാണ്. ഇന്ത്യക്കത്തും പുറത്തുമായി നിരവധി പേരാണ് കമലിന് ആരാധകരായുള്ളത്. താരാരാധനയുമായി ബന്ധപ്പെട്ട് കമൽഹാസൻ നടത്തിയ ഒരു പരാമർശം ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുകയാണ്.
നല്ല സിനിമയെ നല്ലതെന്നും അല്ലാത്തവയെ മോശം എന്നും വിളിക്കേണ്ട വലിയ ഉത്തരവാദിത്വവും കടമയുമാണ് ആരാധകർക്കുള്ളത് എന്നാണ് കമൽ പറഞ്ഞത്. ഭയമില്ലാതെ തന്റേടത്തോടെ അത് തുറന്നുപറയാൻ പറ്റണമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. പ്രഭു സോളമൻ സംവിധാനം ചെയ്യുന്ന സെമ്പി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിൽ അഭിനയിക്കാൻ ചാൻസ് തേടി നടക്കുന്ന കാലത്ത് 16 വയതിനിലേ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രങ്ങളടങ്ങിയ ഒരു ആൽബവും കയ്യിൽക്കരുതിയിരുന്നു എന്ന് അദ്ദേഹം ഓർമിച്ചു. "ആൽബം പലർക്കും ഞാൻ കാണിച്ചുകൊടുത്തിട്ട് പറയും, ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുകയാണെന്ന്. ചിലർ നല്ല വാക്കുകൾ പറയും. മറ്റുചിലരാകട്ടെ ഇങ്ങനെയൊന്ന് കൊണ്ടുനടക്കാൻ നാണമില്ലേ എന്നാണ് ചോദിച്ചത്. വലിയ സിനിമകളുടേയും ചെറിയ സിനിമകളുടേയും ഓഡിയോ ലോഞ്ചിൽ ഒരുപോലെ പങ്കെടുക്കുന്നുവെന്ന് ഈ വേദിയിൽ പറഞ്ഞപ്പോൾ അന്ന് ഞാൻ നേരിട്ട എല്ലാ വാക്കുകളും ഓർമിക്കുകയാണ്." കമൽഹാസൻ പറഞ്ഞു.
"ഏതാണ് വലിയ സിനിമയെന്നും ചെറിയ സിനിമയെന്നും ഒരാൾക്ക് തീരുമാനിക്കാനാവില്ല. 16 വയതിനിലേയെ സംബന്ധിച്ചിടത്തോളം ഏകദേശം 40 വർഷം കഴിഞ്ഞു ആ സിനിമ ഇറങ്ങിയിട്ട്. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ സിനിമയെ ഓർക്കുമ്പോൾ അതാണ് വലിയ സിനിമ. 'ഇത്രയും കോടികൾ മുടക്കി നിർമ്മിച്ച ആ സിനിമ എന്തായിരുന്നു' എന്ന് പറഞ്ഞ് സിനിമയുടെ പേര് ഓർത്തെടുക്കാൻ നമ്മൾ പാടുപെടുന്ന സന്ദർഭങ്ങളുണ്ട്. അതൊരു ചെറിയ സിനിമയാണ്.” അദ്ദേഹം വിശദീകരിച്ചു.
കോവൈ സരളയും അശ്വിൻ കുമാറുമാണ് സെമ്പിയിൽ മുഖ്യവേഷങ്ങളിലെത്തുന്നത്.
Content Highlights: kamal haasan about his chance seeking time after 16 vayathinile, sembi movie audio launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..