അമ്മയോടൊപ്പം കല്യാണി രോഹിത്, കല്യാണി രോഹിത്
ആത്മഹത്യപ്രവണതയും വിഷാദവും കാരണം മാനസികമായി തളര്‍ന്നിരിക്കുന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ അടിയന്തര ഹെല്‍പ്പ്ലൈനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി നടി കല്യാണി രോഹിത്. തന്റെ അമ്മയുടെ ആത്മഹത്യയെ മുന്‍നിര്‍ത്തിയാണ് കല്യാണി സമൂഹമാധ്യമങ്ങളിലൂടെ ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അമ്മയുടെ മരണം തന്നെയും ആത്മഹത്യയിലേക്ക് നയിച്ചുവെന്നും ഹെല്‍പ്പ് ലൈനിലേക്ക് വിളിച്ചപ്പോള്‍ പ്രതികരണം ലഭിച്ചില്ലെന്നും ഒടുവില്‍ തക്കസമയത്ത് ഭര്‍ത്താവ് കണ്ടതു കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും കല്യാണി പറയുന്നു. രാജ്യത്ത് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള് വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഹെല്‍പ്പലൈന്‍ നമ്പറുകള്‍ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കണമെന്ന് കല്യാണി ആവശ്യപ്പെടുന്നു.
കല്യാണിയുടെ കുറിപ്പിന്റെ സാരാംശം
ഒരു സാധാരണദിനം പോലെയാണ് 2014 ഡിസംബര്‍ 24 തുടങ്ങിയത്. അമ്മയുടെ തൊട്ടടുത്തായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. പതിവുപോലെ അമ്മയ്ക്കൊപ്പം ജിമ്മിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഒരുങ്ങിവരാന്‍ അമ്മയോട് ആവശ്യപ്പെട്ട് ഞാന്‍ കുറച്ച് സമയത്തിന് ശേഷം വാതിലില്‍ തട്ടിയപ്പോള്‍ പ്രതികരണം ലഭിച്ചില്ല. എന്റെ മനസ്സില്‍ ഭയം അടിഞ്ഞുകൂടികൊണ്ടേയിരുന്നു. എത്ര വിളിച്ചിട്ടും അമ്മ പ്രതികരിക്കുന്നില്ല. വാതില്‍ തകര്‍ത്ത് തുറന്ന് അകത്ത് കയറിയപ്പോള്‍ അമ്മ തൂങ്ങിമരിച്ച് നില്ക്കുന്നു.
എനിക്ക് അന്ന് 23 വയസ്സ് മാത്രമായിരുന്നു പ്രായം. ആ ദിവസം മുതല്‍ എന്റെ ജീവിതം തലകീഴായി മറിഞ്ഞു. അമ്മ എന്റെ അടുത്ത സുഹൃത്തായിരുന്നു. അമ്മയില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ഓര്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അമ്മ കുറച്ച് നാളായി വിഷാദം അനുഭവിക്കുകയായിരുന്നുവെന്ന് ഡയറികുറിപ്പുകളില്‍ നിന്നാണ് മനസ്സിലായത്. പക്ഷേ, ഞങ്ങളോട് അമ്മ അതൊന്നും പങ്കുവച്ചിരുന്നില്ല.
പ്രതീക്ഷകള്‍ അസ്തമിച്ച് ജീവിതത്തില്‍ ഒറ്റപ്പെട്ട പോലെ എനിക്ക് തോന്നി. എനിക്കും ജീവനെടുക്കാന്‍ തോന്നി. ആ ചിന്തയില്‍നിന്ന് പുറത്തുവരാൻ ഹെല്പ്പലൈനിലേക്ക് വിളിച്ച് സഹായം തേടാമെന്ന് കരുതി. എന്നാല്‍, ആരും ഫോണെടുത്തില്ല. ഒടുവില്‍ ഞാനും ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞു. എന്റെ ഭര്‍ത്താവ് രോഹിത് കണ്ടതുകൊണ്ട് എനിക്കൊന്നും സംഭവിച്ചില്ല.
ഈ നാട്ടില്‍ എന്നെപ്പോലെ ഒരുപാടാളുകള്‍ തക്കസമയത്ത് സഹായം ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകും. അത് മാറേണ്ടതുണ്ട്. ഒരാള്‍ക്കും അവരുടെ അമ്മയെ നഷ്ടപ്പെടരുത്. ഇന്ത്യയില്‍ 2023 ആകുമ്പോഴേക്കും 50 കോടി ഒ.ടി.ടി. സബ്സ്ക്രൈബേഴ്സ് ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അവരില്‍ ഭൂരിഭാഗവും 15-35 വയസ്സുവരെയുള്ളവരായിരിക്കും.
ഇരുപത്തിനാലു മണിക്കൂറും ടെലി കൗണ്‍സിലിങ് ഉറപ്പാക്കുന്നതിനോടൊപ്പം തന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും ഹെല്പ്പ്ലൈന് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. ഈ നിവേദനം സമര്‍പ്പിക്കാന്‍ നിങ്ങള്‍ എല്ലാവരും എനിക്കൊപ്പം ചേരണം- കല്യാണി കുറിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..