അച്ഛന്റെ സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന് സംവിധായകന്‍  പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാറില്‍ കല്യാണിയും വേഷമിടുന്നുണ്ട്. 

സെറ്റില്‍ താന്‍ ബോധം കെട്ടു വീഴുന്ന അവസ്ഥ വരെ വന്നിരുന്നുവെന്നും തന്റെ ഹൃദയമിടിപ്പ് സെറ്റ് മുഴുവന്‍ കേട്ടിരുന്നു എന്നും താരം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'എന്റെ അച്ഛന്റെ കൂടെ വീണ്ടും ജോലി ചെയ്യാന്‍  ഞാന്‍  ആഗ്രഹിക്കുന്നില്ല. ഞാന്‍  ബോധം കെട്ട് വീഴുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. സെറ്റിലുള്ളവര്‍ക്കെല്ലാം എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാമായിരുന്നു. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ അവിടെ മൈക്കും പിടിച്ച് നില്‍ക്കുന്നതുകൊണ്ട് ഒരു വരി പോലും എനിക്ക് ഓര്‍മ വന്നിരുന്നില്ല. എനിക്ക് മനസിലായി ഇത് വളരെ അധികം സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. അച്ഛനും അങ്ങനെതന്നെയാണ്. എന്റെ ആദ്യത്തെ ഷോട്ടിന് അച്ഛന്‍ പ്രാര്‍ഥിക്കുമായിരുന്നു..'കല്യാണി പറയുന്നു

മരക്കാരില്‍ തനിക്ക് റോള്‍  തരണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് കല്യാണി പറയുന്നു. ആദ്യത്തെ അഞ്ച് സിനിമ ഒരുമിച്ച് ചെയ്യില്ലെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ മരക്കാറില്‍ താന്‍ അതിഥി വേഷത്തിലാണ് എത്തുന്നതെന്നും കല്യാണി വ്യക്തമാക്കി.

രണരംഗം എന്ന ഗ്യാങ്സ്റ്റര്‍ സിനിമയാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ തൊണ്ണൂറുകളിലെ കഥാപാത്രമായാണ് കല്യാണി എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് 'മരക്കാര്‍' ഒരുങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും വേഷമിടുന്നുണ്ട്. കളിക്കൂട്ടുകാരായ പ്രണവും കല്ല്യാണിയും ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പുറമേ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കല്യാണിയ്ക്ക് ഒപ്പം പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ക്യാമറയ്ക്കു മുന്നിലാണ് കല്യാണിയെങ്കില്‍ അച്ഛനൊപ്പം അണിയറയിലാണ് സിദ്ധാര്‍ത്ഥ് പ്രവര്‍ത്തിക്കുന്നത്.  'മരക്കാറി'ല്‍ അസോസിയേറ്റ് ആയാണ് സിദ്ധാര്‍ത്ഥ് പ്രവര്‍ത്തിക്കുന്നത്. 

Content Highlights : Kalyani Priyadarshan on working with priyadarshan in marakkar movie