സിനിമാലോകത്തെ വളരെയധികം ഞെട്ടിച്ച ഒന്നായിരുന്നു ലിസിയുടെയും പ്രിയദര്‍ശന്റെയും വിവാഹമോചനവാര്‍ത്ത. ഇരുപത്തിയാറു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2016ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അച്ഛന്റെയും അമ്മയുടെയും വിവാഹമോചനം ഞെട്ടിച്ചുവെന്നും എന്നാല്‍ ഒരുപാടു വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടും അവര്‍ ആ ടെന്‍ഷനൊന്നും ഗൃഹാന്തരീക്ഷത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് മകള്‍ കല്യാണി പ്രിയദര്‍ശന്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് കല്യാണി മനസു തുറന്നത്.

'വേര്‍പിരിയല്‍ മറ്റാരെയും ഒരിക്കലും ബാധിക്കില്ലെന്നല്ല. പക്ഷേ അക്കാര്യത്തില്‍ ഞാനെന്റെ മാതാപിതാക്കളെ പ്രശംസിക്കുന്നു.' കല്യാണി പറഞ്ഞു. 'ഞങ്ങളെ നരകത്തിലേക്ക് തള്ളിവിട്ടുകൊണ്ടല്ല, അവരാ തീരുമാനമെടുത്തത്. വൈകാരികമായ ഒരുപാടു മുഹൂര്‍ത്തങ്ങളിലൂടെ അവര്‍ കടന്നു പോയിരുന്നു. പക്ഷേ അതൊന്നും ഗൃഹാന്തരീക്ഷത്തിലേക്ക് എത്തിക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചു. അച്ഛനും അമ്മയും പിരിഞ്ഞത് വലിയൊരു ഷോക്കായിരുന്നു. പക്ഷേ ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്താതെയായിരുന്നു എല്ലാം. ഞങ്ങള്‍ ഇപ്പോള്‍ സമാധാനപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. അച്ഛനും അമ്മയുമായുള്ള എന്റെ ബന്ധം കൂടുതല്‍ കരുത്തുറ്റതായി എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് തന്നെയാണ് പ്രധാനവും.'

സിനിമാകുടുംബത്തില്‍ ജനിച്ചു വളര്‍ന്നതു തന്നെയാണ് സിനിമയിലേക്കു തന്നെ എത്താന്‍ പ്രചോദനമായതെന്നും കല്യാണി പറഞ്ഞു.

'ജനിച്ചത് ഒരു സിനിമാ കുടുംബത്തിലാണ്. കുട്ടിക്കാലത്തെ അവധിക്കാലം മുഴുവന്‍ ചിലവിട്ടത് സിനിമാലൊക്കേഷനുകളിലായിരുന്നു. ഇതൊക്കെയാണ് അവസാനം സിനിമയിലെത്താന്‍ കാരണം. മൂന്നു നാലു കൊല്ലങ്ങളായി സിനിമയില്‍ വലിയ മാറ്റങ്ങളുണ്ടായതായി കാണുന്നു. നസ്രിയ നസീം അഭിനയിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് ഈ മാറ്റം. അങ്ങനെയാണ് എനിക്കും അഭിനയിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചത്. ഒരു നടി സ്‌ക്രീനില്‍ എത്ര ചിത്രങ്ങളില്‍ അഭിനയിച്ചു എന്നല്ല, ഏതെല്ലാം നല്ല ചിത്രങ്ങളില്‍ അഭിനയിച്ചു എന്നതാണ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുക എന്ന് അച്ഛന്‍ പറയാറുണ്ട്. സംവിധായകര്‍ റോളിനെക്കുറിച്ചു പറഞ്ഞുപോകുമ്പോള്‍ കഥ മുഴുവനായി അറിയാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ തന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ സെലക്ടീവാണ്. പിന്നെ ഒരു പ്രാധാന്യവുമില്ലാത്ത റോളില്‍ ഇരുപതു മിനിട്ട് അഭിനയിക്കുക എന്നതിനെക്കാള്‍ വളരെ നല്ല കഥാപാത്രമായി രണ്ടു മിനിട്ടെങ്കിലും സ്‌ക്രീനിലെത്തുന്നതാണ് നല്ലത് എന്നാണ് തോന്നിയിട്ടുള്ളത്‌.'

Content Highlights : kalyani priyadarshan about priyadarshan lissy divorce