വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള കല്യാണിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത് . ചിത്രത്തിൽ തന്റെ ഭാഗങ്ങൾ തീർന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഏതാനും ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും കല്യാണി കുറിക്കുന്നു. താനെന്തുകൊണ്ടാണ് സിനിമയുടെ ഭാ​ഗമാകാൻ ആ​ഗ്രഹിച്ചതെന്നും കല്യാണി വ്യക്തമാക്കുന്നു

"ഇന്നലെ ഹൃദയത്തിലേക്കുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീർന്നു. ഞാനെന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമാവാൻ ആഗ്രഹിച്ചതെന്ന് പലർക്കും അറിയില്ല.  അത് എല്ലാവരും കരുതുന്ന പോലെ സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല.

എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളിൽ അച്ഛനെ സന്ദർശിക്കാനുള്ളതായിരുന്നു. അതുപോലെ സന്തോഷവാനായി ഞാനൊരാളെയും കണ്ടിട്ടില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അവരായിരുന്നു ഏറ്റവും സന്തുഷ്ടരായ മനുഷ്യർ. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നിൽ രൂപപ്പെട്ടത്.ഇതുപോലുള്ള ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിച്ചത്.

കഴിഞ്ഞ രണ്ടുമാസം, അച്ചൻ എങ്ങനെ രസകരമായി ജോലി ചെയ്തു എന്ന് അനുഭവിക്കാനുള്ള, എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരം എനിക്കു ലഭിച്ചു, കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകൾക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളാണിത്. സെറ്റിലെ ഓരോരുത്തരെയും ഞാൻ മിസ് ചെയ്യും.".. കല്യാണി കുറിക്കുന്നു.

കല്യാണിയും പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും ഇരുവരും ഒരുമിക്കുന്നുണ്ട്. 

മെറിലാന്റ് സിനിമാസ് ആൻജ് ബിഗ് ബാങ് എന്റർടെയ്മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിർമിക്കുന്നത്.  നാല്പത് വർഷങ്ങൾക്ക് ശേഷം മെറിലാന്റ് തിരിച്ചുവരുന്നു എന്ന പ്രത്യേകതയുമുണ്ട്. 

Content Highlights : Kalyani Priyadarshan About Hridayam Movie directed by vineeth sreenivasan Pranav mohanlal