ലയാളികളെ ഒരുപാട് ചിരിപ്പിച്ച കല്‍പന ഒരു തുള്ളി കണ്ണീര്‍ സമ്മാനിച്ചാണ് തീര്‍ത്തും അപ്രതീക്ഷിതമായി കടന്നുപോയത്. ഭര്‍ത്താവ് മാംസക്കച്ചവടത്തിന് തള്ളിവിട്ട് എയ്ഡ്‌സ്ബാധിതയായ നിരാലംബയായ ഒരു സ്ത്രീയുടെ വേഷമായിരുന്നു ഏറ്റവും ഒടുക്കം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലിയില്‍. കടലില്‍ തിരുരൂപം കാണാന്‍ ചാര്‍ലിക്കൊപ്പം പോയി ബോട്ടില്‍ നിന്ന് കടലിന്റെ അഗാധതയിലേയ്ക്ക്, മരണത്തിന്റെ നിലയില്ലാ കയത്തിലേയ്ക്ക് മുങ്ങാങ്കുഴിയിട്ടു മറയുന്ന മേരി. ക്യൂന്‍ മേരിയെന്നാണ് അവരെ ചാര്‍ലി വിളിക്കാറുള്ളത്. അവസാന മോഹം സാധിച്ചുകൊടുക്കുക മാത്രമല്ല, അവസാനമായി കവിളത്തൊരു മുത്തം കൂടി കൊടുത്താണ് ചാര്‍ലി അവരെ യാത്രയാക്കിയത്.

വന്‍ ഹിറ്റായ ചാര്‍ലിയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗമായിരുന്നു  കല്‍പനയുടെ അവസാനമായി എത്തിയ ചിത്തിരിത്തിര എന്ന ഗാനരംഗം. ചാര്‍ലി തിയേറ്ററില്‍ തകര്‍ത്തോടി അധികം കഴിയുംമുന്‍പ് തന്നെ, വേദന ബാക്കിയാക്കി കല്‍പന അന്ത്യശ്വാസം വലിക്കുകയും ചെയ്തു.

ഒരു വര്‍ഷത്തിനുശേഷം കല്‍പനയെ ഓര്‍ക്കുകയാണ് അവസാന ചിത്രത്തിലെ നായകനായ ദുല്‍ഖര്‍. ''ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. കല്‍പനച്ചേച്ചീ... നിങ്ങളെന്നും ഞങ്ങളുടെ ഓര്‍മകളിലും പ്രാര്‍ഥനകളിലും ഉണ്ടാകും'-ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.