ബോളിവുഡ് നടിയും മോഡലുമായ കല്‍കി കൊച്‌ലിന്റെ ജീവിതത്തെക്കുറിച്ചുള്ള തുറന്നെഴുത്താണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍  വൈറലാകുന്നത്. അഭിനയം പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും നടിയാകാന്‍  നടത്തിയ പ്രയത്‌നങ്ങളും അനുരാഗ് കശ്യപുമായുള്ള വിവാഹമോചനത്തിന് ശേഷം നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് താരം. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജാണ് കല്‍ക്കിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.  

കല്‍ക്കിയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

ഫ്രാന്‍സില്‍  നിന്ന് ഇന്ത്യയിലെത്തിയതാണ് അച്ഛന്‍. ഇവിടെ വച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. എന്റെ ബാല്യം വളരെ മികവുറ്റതായിരുന്നു. ആ നാളുകളില്‍ ഒരു വെള്ളക്കാരിയാണെന്ന വേര്‍തിരിവ് ഞാന്‍ അനുഭവിച്ചിട്ടില്ല. പക്ഷെ വളര്‍ന്നപ്പോള്‍  ഈ വ്യത്യാസം ഞാന്‍  കണ്ടുതുടങ്ങി. ടീനേജ് പ്രായത്തില്‍ എന്റെ സുഹൃത്തുക്കളുമായി കോവളം ബീച്ചിലേക്ക് ട്രിപ്പുകള്‍ പോകാറുണ്ടായിരുന്നു. അന്നേരം മയക്കുമരുന്ന് വാങ്ങാന്‍ ആളുകള്‍ എന്നെ മാത്രം സമീപിക്കുമായിരുന്നു. 

ഇന്ത്യന്‍ സംസ്‌കാരം പിന്തുടരുന്നവളല്ല എന്നാരോപിച്ച് ആരെങ്കിലുമൊക്കെ എന്നെ ഉപദ്രവിക്കുമോ എന്ന നിരന്തര ഭയം എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആളുകളോട് സംസാരിക്കുമ്പോഴൊക്കെ ഞാന്‍ വളരെ ശ്രദ്ധിച്ചിരുന്നു. എന്റെ സുഹൃത്തുക്കളെ പോലെ തന്നെയാണ് ഞാനെന്ന് കാണിക്കാനായി ആന്റിമാരെയെല്ലാം തൃപ്തിപ്പെടുത്താന്‍ കൂടുതല്‍ സൗമ്യയാകാന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു നടിയാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞ് വിദേശത്ത് അഭിനയം പഠിക്കാനായി പോയി. അവിടെ എന്നെ തന്നെ നിലനിര്‍ത്താന്‍  ഒഴിവുദിവസങ്ങളില്‍  വെയ്ട്രസ് ആയും സ്‌കൂളുകളില്‍ പഠിപ്പിച്ചുമാണ് ഞാന്‍  പണമുണ്ടാക്കിയിരുന്നത്. 

തിരിച്ച് ഇന്ത്യയിലെത്തിയ ഞാന്‍ ഓഡിഷനുകളില്‍  പങ്കെടുത്തു തുടങ്ങി. എന്നെ സംബന്ധിച്ച്  അത് വളരെ പ്രയാസമേറിയതായിരുന്നു. ഒരുപാട് സ്ഥലത്ത് നിന്ന് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ദേവ് ഡിയില്‍ ആദ്യമായി അവസരം ലഭിച്ചത്. അത് പക്ഷെ എനിക്ക് കൂടുതല്‍ അവസരങ്ങള്‍  നല്‍കിയതുമില്ല. രണ്ട് വര്‍ഷത്തോളം ഒരവസരം പോലും ലഭിച്ചതുമില്ല. ആ സമയത്തൊക്കെ സ്വന്തമായി കഥകളെഴുതി അഭിനയം തുടര്‍ന്നുകൊണ്ടിരുന്നു.

എന്റെ മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപുമായുള്ള വേര്‍പിരിയലും എന്നെ വളരെയധികം ബാധിച്ചിട്ടുണ്ട്. നിരവധി അപപവാദ പ്രചാരണങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നു. ഏതെങ്കിലും പുരുഷനെ എന്റെയൊപ്പം കണ്ടാല്‍ ഞങ്ങള്‍ ഡേറ്റിങ്ങിലാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.  മാധ്യമപ്രവര്‍ത്തകര്‍ പലകുറി എന്നോടു ചോദിച്ചിട്ടുണ്ട് വേര്‍പിരിയലിനു ശേഷം ഞാനെങ്ങനെയാണ് ജീവിതവും ജോലിയും മുന്‍പോട്ടു കൊണ്ടുപോകുന്നത് എന്നൊക്കെ.

എന്തിന് എന്റെ അയല്‍ക്കാര്‍ വരെ എന്റെ മാതാപിതാക്കളെ അത്തരം ചോദ്യങ്ങളുമായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷെ അതിനെ അവഗണിക്കുകയാണ് ഞാന്‍ ചെയ്തത്. ഇതില്‍ നിന്നെല്ലാം പോരാട്ടം എന്നത് നിരന്തരം നടന്നുകൊണ്ടിരിക്കുമെന്നു ഞാന്‍ മനസിലാക്കി. അത് നിങ്ങളെ എവിടെ വച്ചും കണ്ടെത്തും. പക്ഷെ ജീവിതം  മുന്നോട്ട് തന്നെ പോകും. നിങ്ങള്‍ അതിനെ നേരിടാനും പേടിക്കും. കല്‍ക്കി പറയുന്നു.

Kalki

Content Highlights : Kalki Koechlin About life Divorce With Anurag Kashyap