കാറ്റുപോലെ ചിരിച്ചുല്ലസിച്ച് പാറിപ്പറന്നു നടന്ന ചാര്‍ലിക്കുശേഷം മൂക്കിന്‍തുമ്പില്‍ ദേഷ്യവുമായി വരുന്നു ദുല്‍ഖര്‍ സല്‍മാന്‍. സമീര്‍ താഹിറിന്റെ പുതിയ ചിത്രമായ കലിയില്‍ മൂക്കത്ത് ശുണ്ഠിയുള്ള കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഈ ശുണ്ഠി ദുല്‍ഖറിനും ചുറ്റുമുള്ളവര്‍ക്കും വരുത്തിവയ്ക്കുന്ന വിനകളും തലവേദനകളുമാണ് കലിയുടെ ആദ്യ ട്രെയ്‌ലര്‍ പറയുന്നത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

Kali Movie

ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയായി വേഷമിടുന്നത് പ്രേമത്തിലെ മലര്‍ സായി പല്ലവിയാണ്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരുമുണ്ട് ചിത്രത്തില്‍. രാജേഷ് ഗോപിനാഥാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഹാന്‍ഡ് മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്കുശേഷം സമീര്‍ താഹിറും ദല്‍ഖറും ഒന്നിക്കുന്ന ചിത്രമാണിത്.