ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ വിചിത്ര ഭാഷ കൊണ്ടും ഞെട്ടിക്കുന്ന രൂപം കൊണ്ടും കാലകേയനായി പ്രേക്ഷകരെ പിടിച്ചിരുത്തിയ പ്രഭാകര്‍ മലയാളത്തിലേയ്ക്ക്.

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രഭാസിനെയും റാണ ദഗ്ഗുബട്ടിയെയും കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവച്ച പ്രഭാകര്‍ മമ്മൂട്ടിയുടെ വില്ലനായാണ് മലയാളത്തിലേയ്ക്ക് വരുന്നത്.

നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ പരോളാണ് ചിത്രം. യഥാര്‍ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു ജയില്‍ വാര്‍ഡന്റെ വേഷത്തിലാവും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. മിയ ജോര്‍ജാണ് നായിക. അജിത് പൂജപ്പുരയുടേതാണ് രചന. ബെംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍.

മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായി പ്രത്യക്ഷപ്പെട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യം ഒരുക്കിയത് ശരത്തായിരുന്നു.