ഴയ ശിവാജി റാവു ഗെയ്ക്‌വാദിനെ പുതിയ മുംബൈക്കാര്‍ക്ക് അറിയില്ല. ചെറുപ്പകാലത്ത് മുംബൈ വിട്ട് ബെംഗളൂരുവഴി തമിഴകത്തെത്തി രജനികാന്തായി മാറിയ ശിവാജി റാവു ഒരിക്കല്‍ക്കൂടി പഴയ മുംബൈയിലേയ്ക്ക് വരികയാണ്, കാല കരികാലനില്‍ ചേരിക്കാരുടെ നേതാവായി. നീണ്ട ഇടവേളയ്ക്കുശേഷം ജന്മനാട്ടിലെത്തിയ രജനി മുംബൈക്കാര്‍ക്ക് ഒരു കൗതുകം കൂടി കരുതിയിട്ടുണ്ട്. കാല കരികാലന്‍ എന്ന ചിത്രത്തില്‍ താന്‍ പണ്ട് ഉപേക്ഷിച്ച ആ പേരില്‍ ഒരു കഥാപാത്രം. ശിവാജി റാവു ഗെയ്ക്‌വാദ്. ഇത് യഥാർഥ രജനിയുടെ ഭൂതകാലമല്ല. പാ രഞ്ജിത്തിന്റെ ചിത്രത്തില്‍ മറാഠക്കാരനായ ഒരു പോലീസുകാരനാണ് ശിവാജി റാവു. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ച അരവിന്ദ് ആകാശാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അരവിന്ദ് അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍, തനിക്ക് ഇതുവരെ തലൈവരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. ദൈവത്തെ കാണാന്‍ സമയമെടുക്കുമല്ലോ. നന്ദനത്തില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരില്‍ ഗുരുവായൂരപ്പനെ അവതരിപ്പിച്ച അരവിന്ദ് പറഞ്ഞു. വജ്രം, വാണ്ടഡ്, പൊന്‍മുടിപ്പുഴയോരത്ത് എന്നിവയാണ് അരവിന്ദിന്റെ ശ്രദ്ധേയമായ മറ്റ് മലയാള ചിത്രങ്ങള്‍.

ചെറിയ നൃത്തവേഷങ്ങള്‍ ചെയ്ത് സിനിമയിലെത്തിയ അരവിന്ദിന്റെ അമ്മ സുശീല പരിന്ദര്‍ കൗറും നടിയാണ്. രജനിയുടെ വേലക്കാരനില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. രജനിക്കൊപ്പം അഭിനയിക്കാനുള്ള അവസരം സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലെന്നും അരവിന്ദ് പറയുന്നു.