കാലടി: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ സെറ്റ് നശിപ്പിച്ച കേസിലെ പ്രതികള്‍ക്കെതിരേ 'സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതി'നുമുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം എന്നിവയ്ക്കു പുറമെയാണിത്.

മുഖ്യപ്രതി കാരി രതീഷ് ഉള്‍പ്പെടെ അഞ്ചുപേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്കെതിരേ കാപ്പ ചുമത്താനുള്ള നടപടിയുമായി പോലീസ് മുന്നോട്ടുപോകുന്നു. 'മിന്നല്‍ മുരളി' എന്ന സിനിമയ്ക്കു വേണ്ടി ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയില്‍ ശിവരാത്രി മണപ്പുറത്തെ ശിവക്ഷേത്രത്തിനു സമീപമിട്ട സെറ്റ് ഞായറാഴ്ചയാണ് ഒരു സംഘം എത്തി തകര്‍ത്തത്. മതസ്പര്‍ധ പരത്തുന്ന വിധം സാമൂഹിക മാധ്യമത്തിലൂടെ ഈ സംഭവം പ്രചരിപ്പിക്കുകയും ചെയ്തു.

Content Highlights : kalady minnal murali movie set destroyed by rashtriya bajrang dal activists arrest