മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാറായിട്ടില്ലെങ്കിലും പൃഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന കാര്യം ഷാജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിച്ചു. 

പൃഥ്വിയെ നായകനാക്കി സിനിമ ചെയ്യുന്നുണ്ട്. കഥയും തിരക്കഥയും ഞാന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. അടുത്ത വര്‍ഷത്തില്‍ മാത്രമെ ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുകയുള്ളു. പൃഥ്വിയോട് കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. കഥയുടെ സ്വഭാവം ഉള്‍പ്പെടെ ഒന്നും പുറത്തുവിടാറായിട്ടില്ല. രണ്ടു മാസത്തിനകം പൃഥ്വിയുടെയും മറ്റും ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകും. അതോടൊപ്പം സിനിമയിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവിടും - ഷാജോണ്‍ പറഞ്ഞു. 

ദൃശ്യം ഉള്‍പ്പെടെയുള്ള സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളാണ് ഷാജോണിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്നത്. പരീത് പണ്ടാരി എന്ന സിനിമയാണ് ഷാജോണിന്റേതായി അടുത്ത പുറത്ത് വരാനുള്ളത്. പരീത് എന്ന കേന്ദ്രകഥാപാത്രത്തെയാണ് ഷാജോണ്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഏറെ വ്യത്യസ്തതകളുള്ള ഈ ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.