സിനിമകളില്‍ കൊമേഡിയനായും വില്ലനായുമൊക്കെ വന്ന് സ്ക്രീനില്‍ കഴിവു തെളിയിച്ചിട്ടുള്ള കലാഭവന്‍ ഷാജോണ്‍ സംവിധായക വേഷമണിയുന്നു. താന്‍ നായകനാകുന്ന ഷാജോണിന്റെ ചിത്രത്തെക്കുറിച്ച് പിറന്നാള്‍ ദിനത്തില്‍ നടന് പൃഥ്വിരാജാണ് പ്രഖ്യാപിച്ചത്.
'രണ്ടു വര്‍ഷങ്ങള്‍ മുമ്പ് ഷാജോണ്‍ ചേട്ടന് എന്റെ അടുക്കല്‍ വന്ന് ഒരു സ്ക്രിപ്റ്റ് വായിച്ചു കേള്‍പ്പിച്ചു. അതു സിനിമയാക്കണമെന്നു പറഞ്ഞു. സംവിധാനം ആരാകണമെന്ന എന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം തന്നെ എഴുതിയ സ്ക്രിപ്റ്റെന്ന നിലയില്‍ അതു സിനിമയാക്കുകയാണെങ്കില്‍ അദ്ദേഹം തന്നെയാണ് സംവിധായകനാകാന്‍ ഏറ്റവും യോഗ്യന്‍ എന്നു ഞാനും പറഞ്ഞു. ഇത് രസകരമായ സിനിമയാണ് സുഹൃത്തുക്കളെ.. കോമഡി, റൊമാന്‍സ്, ആക്ഷന്‍, ഇമോഷന്.. എല്ലാമുണ്ടിതില്‍.. '
ബ്രദേഴ്സ് ഡേ എന്നാണ് ചിത്രത്തിനു പേരു നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുമെന്നതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് പൃഥ്വി. ലൂസിഫറിനു ശേഷം 'ബ്രദേഴ്സ് ഡേ'യിലാണ് പൃഥ്വി അഭിനയിക്കുകയെന്നാണ് അറിയുന്നത്.
പൃഥ്വിരാജിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന കാര്യം ഷാജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
'പൃഥ്വിയെ നായകനാക്കി സിനിമ ചെയ്യുന്നുണ്ട്. കഥയും തിരക്കഥയും ഞാന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. അടുത്ത വര്‍ഷത്തില്‍ മാത്രമെ ഷൂട്ടിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുകയുള്ളു. പൃഥ്വിയോട് കഥ പറഞ്ഞു, അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. കഥയുടെ സ്വഭാവം ഉള്‍പ്പെടെ ഒന്നും പുറത്തുവിടാറായിട്ടില്ല. രണ്ടു മാസത്തിനകം പൃഥ്വിയുടെയും മറ്റും ഡേറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകും. അതോടൊപ്പം സിനിമയിലെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തുവിടും' - ഷാജോണ്‍ പറഞ്ഞു.
ദൃശ്യം ഉള്‍പ്പെടെയുള്ള സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളാണ് ഷാജോണിനെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്നത്. ലൂസിഫറിലും ഷാജോണ്‍ വേഷമിടുന്നുണ്ട്.
തന്റെ ആദ്യ സംവിധാന സംരംഭത്തില്‍ എന്നും കൂടെയുണ്ടാവണമെന്നു സംവിധായകന് ഷാജോണും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
'നിങ്ങള്‍ തരുന്ന സ്നേഹവും കൈയടികളും ആണ് പുതിയതായി ഓരോ കാര്യവും ചെയ്യാനുള്ള ധൈര്യം തരുന്നത് .എന്നും കൂടെ ഉണ്ടാവണം. പ്രാര്‍ത്ഥനകളും.. നന്ദി'..' എന്നാണ് ഷാജോണിന്റെ പോസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..