കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടന് കലാഭവന്‍ മണിയുടെ ഭാര്യയും മകളും. എങ്കിലും പ്രളയം സമ്മാനിച്ച ഭീകരമായ നിമിഷങ്ങൾ ഇപ്പോഴും ഇറങ്ങിപ്പോയിട്ടില്ല അവരുടെ മനസ്സിൽ നിന്നും.
കഴിഞ്ഞ കുറെ ദിവസങ്ങളായി തകര്‍ത്തു പെയ്ത മഴയില്‍ ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിക്കഴിയുകയായിരുന്നു ഇവര്‍. മൂന്ന് ദിവസമാണ് ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിച്ച് കൂട്ടിയത്. ഒടുവില്‍ ബോട്ടിലെത്തിയാണ് രക്ഷിച്ചതെന്നും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലവരോടും നന്ദി പറയുന്നുവെന്നും കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും പറഞ്ഞു.
'ആദ്യ ദിവസം റോഡില്‍ ഒട്ടുംതന്നെ വെള്ളം കയറിയിട്ടില്ലായിരുന്നു. മാത്രമല്ല ഇത്രയും വലിയ ദുരന്തം വരുമെന്ന് ചിന്തിച്ചില്ല. രാത്രിയായപ്പോള്‍ വീട്ടിനുള്ളിലേയ്ക്ക് വെള്ളം കയറാന്‍ തുടങ്ങി. കയ്യില്‍ കിട്ടിയ അത്യാവശ്യ സാധനങ്ങളുമായി ഞങ്ങള്‍ എല്ലാവരും മുകളിലത്തെ നിലയിലേയ്ക്ക് കയറി. വെള്ളമൊന്നും എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം അങ്ങനെ കഴിയേണ്ടിവന്നു. വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി. ടെറസ്സിലെ സണ്‍ ഷെഡ്ഡിലാണ് ഞങ്ങൾ താമസിച്ചത്. അവസാനം ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഒരുപാട്പേര് ഇതിനിടെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ അവസരത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി പറയുകയാണ്'-നിമ്മി പറഞ്ഞു.
ഇതിനിടെ കലാഭവന്‍ മണി നിര്‍മിച്ച കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. മരണം എന്നത് ഞങ്ങള്‍ മുന്നില്‍ കണ്ട കാഴ്ചയാണെന്നാണ് മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണന് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചത്. വെള്ളപ്പൊക്കം തകര്‍ത്തു കളഞ്ഞ ചാലക്കുടി ചേന്നത്ത് നാട്ടിലെ ജനങ്ങള്‍ക്കൊപ്പം പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാമകൃഷ്ണന്
Content Highlights : kalabhavan mani wife niimmi daughter sreelakshmi in kerala floods rain havoc in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..