ന്തരിച്ച നടൻ കലാഭവൻ മണിയുടെ ഒരു അപൂർവ്വ വീഡിയോ പങ്കുവച്ച് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ. കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് 1992ൽ ഖത്തറിൽ ഒരു പരിപാടിക്ക് പോയപ്പോൾ അവിടെ വച്ച് നൽകിയ ഒരു അഭിമുഖത്തിന്റെ ദൃശ്യമാണിത്. ഡിക്സൺ എന്നയാളാണ് ആർ.എൽ.വി രാമകൃഷ്ണന് ഈ വീഡിയോ അയച്ചത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്. കണ്ടാൽ ചങ്കു തകർന്നുപോകുമെന്ന് രാമകൃഷ്ണൻ കുറിച്ചു.

ആർ.എൽ.വി രാമകൃഷ്ണന്റെ കുറിപ്പ്

''ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് എ.വി എം ഉണ്ണികൃഷ്ണൻ സാറാണ്.:- നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ.''

കലാഭവനില്‍ വന്നതിന് ശേഷം അഭിമാനം തോന്നുന്നുവെന്നും അതിന് ശേഷം തനിക്ക് ജനങ്ങൾ വില നല്‍കിയെന്നും മണി അഭിമുഖത്തില്‍ പറയുന്നു. മിമിക്രി ആളുകള്‍ കരുതും പോലെ എളുപ്പമല്ലെന്നും ആളുകളെ ചിരിപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും കലാഭവന്‍ മണി പറയുന്നുണ്ട്. 

Content Highlights: Kalabhavan Mani rare video Interview, RLV Ramakrishnan