ഷൈൻ ടോം ചാക്കോയ്ക്ക് പുരസ്കാരം നൽകുന്ന ഗുരു സോമസുന്ദരം
ചാലക്കുടി: സംസ്ഥാന അവാര്‍ഡില്‍ തഴഞ്ഞെങ്കിലും ഒടുവില്‍ കുറുപ്പിലെ ഭാസി പിള്ളയ്ക്ക് അംഗീകാരം. അതും മലയാളത്തിന്റെ പ്രിയതാരം കലാഭവന്‍ മണിയുടെ പേരിലുള്ള അവാര്‍ഡ്. മികച്ച നടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരമാണ് ഷൈൻ ടോം ചാക്കോയെ തേടിയെത്തിയത്. നടന് ഗുരു സോമസുന്ദരമാണ് അവാര്‍ഡ് സമ്മാനിച്ചത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് ഒരുക്കിയ കുറുപ്പില്‍ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഈ കഥാപാത്രത്തിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് തഴഞ്ഞതില്‍ ഷൈൻ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.
കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി ഷൈന്‍ ടോം ചോദിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ച ഈ പുരസ്ക്കാരത്തില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാന പുരസ്ക്കാരത്തില്‍ തഴഞ്ഞെങ്കിലും മലയാളികളുടെ മണി ചേട്ടന്റെ പേരിലുള്ള പുരസ്ക്കാരം അതിനേക്കാളും വലുതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.
അച്ചു വിജയന് സംവിധാനം ചെയ്യുന്ന വിചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കനി കുസൃതി ആണ് നായിക. ബാലുവര്‍ഗീസ്, ജോളി ചിറയത്ത്, ലാല്‍, കേതകി നാരായണന്,സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്, ജെയിംസ് ഏലിയ, തുഷാരപിള്ള, ബിബിന്‍ പെരുമ്പിള്ളി, എന്നിവരാണ് മറ്റു താരങ്ങള്‍. രചന: നിഖില്‍ രവീന്ദ്രന്, ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് നിര്‍മ്മാണം. അര്ജുന് ബാലകൃഷ്ണന് ഛായാഗ്രഹണവും മിഥുന് മുകുന്ദന് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. സ്ട്രീറ്റ് അക്കാദമിക്സ് എന്ന മ്യൂസിക് ബാന്‍ഡ് ചിത്രത്തിന്റെ ഭാഗമാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്, എഡിറ്റര്‍: അച്ചു വിജയന്. കോ - ഡയറക്ടര്‍ സുരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍: ആര്. അരവിന്ദന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: റെയ്സ് ഹൈദര്‍ ആന്‍സ് അനസ് റഷാദ്. പി.ആര്. ഒ ആതിര ദില്‍ജിത്ത്, ചിത്രം ആഗസ്റ്റില്‍ റിലീസ് ചെയ്യും.
പന്ത്രണ്ട്, അടിത്തട്ട് എന്നീ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയുടേതായി അവസാനം തിയേറ്ററില്‍ എത്തിയത്. 2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി നിര്യാതനായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..