ദുരൂഹതകൾ ബാക്കിയാക്കി, നൊമ്പരങ്ങൾ സമ്മാനിച്ച് പ്രിയ നടൻ കലാഭവൻ മണി പോയി മറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച, കരയിപ്പിച്ച, ചിന്തിപ്പിച്ച മണിയുടെ ഓർമകൾക്ക് പക്ഷേ മരണമില്ല. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് മണിക്ക് ഓർമപ്പൂക്കൾ അർപ്പിക്കുന്നത്. 

മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി.

ഓർമ്മപ്പൂക്കൾ

Posted by Mohanlal on Friday, 5 March 2021

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് ആരാധകരെ സൃഷ്ടിച്ചു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു.   പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു.  

‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവന്‍ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടന്‍’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങൾ മണിയെന്ന അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തിയ ചിത്രങ്ങളായി മാറി. 

2016 മാര്‍ച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ 'പാഡി'യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.  

ദുരൂഹതകൾ ഏറെ ബാക്കിയാക്കിയാണ് മണി കടന്ന് പോയത്. അവയുടെ ചുരുളഴിക്കാൻ അഞ്ച് വർഷങ്ങൾക്കിപ്പുറം സാധിച്ചിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ആരാധകരെ ഇന്നും നോവിക്കുന്നു

Content Highlights : Kalabhavan Mani fifth death anniversary Rememberance