മണിക്ക് അവാര്‍ഡ് നിഷേധിച്ചത് ചെറുപ്പമായത് കൊണ്ട്,യുവനടന് അവാര്‍ഡ് കൊടുത്തതും ചെറുപ്പമായത് കൊണ്ട്


ശ്രീലക്ഷ്മി മേനോൻ

നാടന്‍ പാട്ടിനെ വളര്‍ത്തിയ വ്യക്തി എന്ന നിലയ്ക്ക് ഒരു ഫെല്ലോഷിപ്പെങ്കിലും സംഗീത നാടക അക്കാദമി കൊടുത്തിട്ടുണ്ടോ. അയാളെ ഗുണ്ടയായിട്ടും കള്ളുകുടിയനായിട്ടും കാണിക്കാനും അത്തരം വാര്‍ത്തകള്‍ ഉണ്ടാക്കാനുമായിരുന്നു പലര്‍ക്കും താല്‍പര്യം.

ലയാളികളുടെ പ്രിയങ്കരനായ നടന്‍ കലാഭവന്‍ മണി മരിച്ചിട്ട് മൂന്നാണ്ടായി. വെള്ളിത്തിരയില്‍ മണി അവശേഷിപ്പിച്ച ഓര്‍മകള്‍ പക്ഷേ, മരണമില്ലാതെ തിരയിളക്കിക്കൊണ്ടിരിക്കുകയാണ്. ചിരിയും കണ്ണീരുമടങ്ങുന്ന ഈ ഓര്‍മകളാണ് മണിക്ക് ഏറ്റവും മികച്ച വേഷങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ വിനയന്‍ പങ്കിടുന്നത്.

വിനയന്റെ വാക്കുകളിലൂടെ

സാധാരണക്കാരായ ജനങ്ങളുടെ ഉള്ളിൽ മണിക്ക് മരണമില്ല

കലാഭവന്‍ മണിയെ കേരളത്തിലെ ജനങ്ങള്‍, സാധാരണക്കാര്‍ എത്ര മാത്രം മനസിലേറ്റിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം ഞാന്‍ കാണുന്നത്. കാരണം ഒരു അഞ്ച് കിലോമീറ്റര്‍ കൂടുമ്പോള്‍ മണിയുടെ ചിത്രങ്ങളും ഫ്‌ളക്‌സുകളും കാണാനാകും. ഓട്ടോ സ്റ്റാന്‍ഡുകളിലൊക്കെ മണിയുടെ ചിത്രങ്ങള്‍ വച്ചിരിക്കുന്നു. ഇതൊക്കെ ഞാന്‍ ഇന്ന് യാത്ര ചെയ്തപ്പോള്‍ കാണുന്നതാണ്. എല്ലായിടത്തും മീറ്റിംഗുകള്‍ ഒക്കെ നടക്കുന്നു.

ഒരു കലാകാരനെ ആളുകള്‍ ഇത്ര മാത്രം ഇഷ്ടപ്പെടുക, ആ ഗാനങ്ങള്‍ ഏറ്റെടുക്കുക എന്നതെല്ലാം സാധാരണയായി നമ്മള്‍ കാണാത്തതാണ്. മണി ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ഇങ്ങനെ സാധാരണക്കാരായ ജനങ്ങളുടെ ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുകയാണ്.

മണിയെ ഏറ്റവും അടുത്ത് അറിയുന്ന ആളെന്ന നിലയ്ക്ക്, അയാളുടെ മനുഷ്യസ്നേഹവും അറിയുന്ന ആളെന്ന നിലയ്ക്ക് എനിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരമാണ് 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ഞാന്‍ നല്‍കിയത്.

ഇതെല്ലാം മലയാളത്തിലെ മറ്റൊരു കലാകാരന് ലഭിക്കുമോ എന്ന കാര്യം എനിക്ക് സംശയമാണ്. അത്രയേറെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു കലാകാരന്‍. ഈ കറുപ്പിന്റെ പേരില്‍, കറുപ്പ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നിറം മാത്രമല്ല അത്രയും താഴ്ന്ന സമൂഹത്തില്‍ നിന്നും വന്നതിന്റെ പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു കലാകാരന്‍, സ്വന്തം ദാരിദ്ര്യവും ദുഃഖവുമൊക്കെ തുറന്നു പറഞ്ഞുകൊണ്ട്, അതിലൂടെ കടന്നു പോകുന്നവരെ കാണുമ്പോള്‍ കണ്ണുനിറയുന്ന അവരെ ചേര്‍ത്ത് നിര്‍ത്തി ആശ്വാസിപ്പിക്കുന്ന കലാകാരന്‍, അതായിരുന്നു ഞാന്‍ 'ചാലക്കുടിക്കാരന്‍ ചങ്ങാതിയിലുടെ' വരച്ചു കാണിക്കാന്‍ തയ്യാറായത്.

ഓര്‍മ്മകള്‍ ബാക്കിയാക്കി മണി പോയി. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല. അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ മണി എന്ന് പറയുന്ന ഒരു കലാകാരന്‍, ഇതുപോലൊരു കലാകാരന്‍ ഇനി ഉണ്ടാകുമോ എന്ന് ചോദിക്കത്തക്ക രീതിയില്‍ ജനങ്ങളുടെ മനസ്സില്‍ നില്‍ക്കുന്ന അവസ്ഥയിലാണ് നമ്മളിപ്പോള്‍. ഇനിയും എത്ര വര്‍ഷം കഴിഞ്ഞാലും മണിയുടെ ഓര്‍മ്മകള്‍ മലയാളികളുടെ മനസ്സില്‍ നിന്നും പോകില്ല എന്നതാണ് സത്യം.

മണിയെ തഴഞ്ഞ അംഗീകാരങ്ങൾ ​

എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട് 'വാസന്തിയും ലക്ഷ്മിയും' എന്ന ചിത്രത്തില്‍ മിമിക്രി ചെയ്യുകയായിരുന്നു എന്ന് പറഞ്ഞാണ് അദ്ദേഹത്തിന് കേരള സംസ്ഥാന അവാര്‍ഡ് നിഷേധിക്കുന്നത്. അന്ന് ഒരു ജൂറി അംഗം എന്നോട് പറഞ്ഞു മണിക്ക് പത്തിരുപത്തിയഞ്ച് വയസല്ലേ ആയുള്ളൂ, ഇനിയും സമയം കിടക്കുകയല്ലേ എന്ന്. രണ്ട് വര്‍ഷം മുന്‍പ് ചെറുപ്പക്കാരനായ നടന് ഒരു അവാര്‍ഡ് കൊടുത്തപ്പോള്‍ നമ്മുടെ ജോണ്‍പോള്‍ ചേട്ടന്‍ പറഞ്ഞത് ചെറുപ്പക്കാരനല്ലേ അതോണ്ടാണ് അവാര്‍ഡ് നല്‍കിയത് എന്നാണ്.

അവാര്‍ഡുകള്‍ കൊടുക്കുന്നതിന് ഇങ്ങനെ ഓരോ ന്യായങ്ങള്‍ ഓരോ തവണയും കാണും. എന്റെ അഭിപ്രായത്തില്‍ അവാര്‍ഡ് എന്നൊക്കെ പറയുന്നത് ഒരു ലോബി ആണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഞാന്‍ ഈ അവാര്‍ഡുകളെ മോശമാക്കി പറയുകയോ അവാര്‍ഡ് ലഭിച്ചവരെ മോശമാക്കി പറയുകയോ അല്ല.

അവാര്‍ഡുകള്‍ നല്ലതാണ്. അത് ഒരു പ്രോത്സാഹനമാണ് അതിലൊന്നും എനിക്ക് അഭിപ്രായ വ്യത്യാസമില്ല. പക്ഷെ ഒന്ന് ഞാന്‍ പറയാം, ജൂറിയുടെ പുറകെ പോകാത്തവര്‍ക്ക് അവാര്‍ഡ് ലഭിക്കുക എന്നത് വളരെ അപൂര്‍വമായി മാത്രം നടക്കുന്ന സംഗതിയാണെന്നാണ് ഞാന്‍ കേട്ടിടത്തോളം മനസിലാക്കുന്നത്. സത്യം എനിക്കറിയില്ല. കാരണം, ഞാന്‍ ആ മേഖലയുമായി വലിയ ബന്ധമില്ലാത്ത വ്യക്തിയാണ്.

'കരുമാടിക്കുട്ടന്‍' എന്ന മണിയുടെ ചിത്രത്തിന് ഫിലിം ഫെയര്‍ അവാര്‍ഡൊക്കെ ലഭിച്ചിരുന്നു. അതൊന്നും ചെറിയ കാര്യമല്ല, വലിയ അംഗീകാരമാണ്. അന്നും ഇവിടുത്തെ മികച്ച പത്തു ചിത്രങ്ങളില്‍ പോലും കരുമാടിക്കുട്ടന്റെ പേര് വന്നില്ല. അവാര്‍ഡുകള്‍ ആര്‍ട്ട് സിനിമകള്‍ക്ക് കൊടുക്കുന്നതിനൊന്നും ഞാന്‍ എതിരല്ല, കാരണം അവര്‍ക്ക് അതേയുള്ളൂ ഒരു പ്രോത്സാഹനമായിട്ട്. ചിലരെ മാറ്റി നിര്‍ത്തുന്ന, ചിലര്‍ ചെയ്താല്‍ ആ പടം പരിഗണനാര്‍ഹമല്ല എന്ന ചിന്തയ്ക്കാണ് ഞാന്‍ എതിര്.

അങ്ങനെയുള്ളവരുണ്ട് ഇവിടെ. അതൊക്കെ മാറണമെങ്കില്‍ ഒരു നവോത്ഥാനം ഇവരുടെ മനസുകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നവോത്ഥാനം എന്ന് പറയുന്നത് ആള്‍ക്കാരോട് ആവശ്യമില്ലാത്ത പകയും വൈരാഗ്യവും വച്ച് പുലര്‍ത്തുന്ന, അവനാണോ അവന്റെ പടത്തിന് കൊടുക്കണ്ട, അല്ലെങ്കില്‍ ആ കക്ഷിയാണോ അവന്‍ അത്രയ്‌ക്കൊന്നും വരില്ല എന്ന നിലപാടുകള്‍, അത് മാറണം.

അത്തരം ഒരുപാട് നടപടികള്‍ക്ക് വിധേയനായ വ്യക്തിയായിരുന്നു മണി. ഇതെല്ലാം പോട്ടെ നാടന്‍ പാട്ടിനെ മലയാളികളുടെ മനസ്സില്‍ പ്രതിഷ്ഠിച്ച വേറേത് കലാകാരനുണ്ട്.? ആ ഒരു കാര്യത്തിന് മണിക്ക് സംഗീത നാടക അക്കാദമിക്ക് ഒരു ഫെല്ലോഷിപ് കൊടുക്കാമായിരുന്നല്ലോ? ഞാനൊരിക്കല്‍ മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ചോദിച്ചതാണ് ഇക്കാര്യം.

നാടന്‍ പാട്ടില്‍ പോയി റിസേര്‍ച്ച് ചെയ്ത് അതിന്റെ വരികള്‍ എടുക്കുക, സ്വന്തമായി നാടന്‍ പാട്ടുകള്‍ ഉണ്ടാക്കുക, അതിന് സംഗീതം നല്‍കുക ലക്ഷോപലക്ഷം ജനങ്ങളെ ആസ്വദിപ്പിക്കുക, ഏറ്റുപാടിക്കുക ഇതെല്ലാം വേറാര്‍ക്കും കഴിയില്ല. നാടന്‍ പാട്ടിനെ വളര്‍ത്തിയ വ്യക്തി എന്ന നിലയ്ക്ക് ഒരു ഫെല്ലോഷിപ്പെങ്കിലും സംഗീത നാടക അക്കാദമി കൊടുത്തിട്ടുണ്ടോ. അയാളെ ഗുണ്ടയായിട്ടും കള്ളുകുടിയനായിട്ടും മറ്റും പറയാനും അത്തരം വാര്‍ത്തകള്‍ ഉണ്ടാക്കാനുമായിരുന്നു പലര്‍ക്കും താല്‍പര്യം.

അങ്ങനെയുള്ള കാര്യങ്ങള്‍ ഒക്കെ വച്ച് നോക്കുമ്പോള്‍ മണിയെ പോലുള്ള ഒരാളെ കണ്ടു കിട്ടില്ല. കാരണം, പാട്ടുകള്‍ സ്വന്തമായി പാടി ആ പാട്ട് സിനിമയില്‍ അഭിനയിച്ചു, ആ പാട്ടും ആ സിനിമയും ഹിറ്റ് ആക്കിയവര്‍ വേറെ ആരുണ്ട്. കാട്ടിലെ മാനിന്റെ , കൈക്കൊട്ട് പെണ്ണെ , മാലമല്ലേലൂയാ ഇങ്ങനെ നിരവധി ഗാനങ്ങള്‍.

പിന്നെ ദളിതനായ ഒരു നായകന്‍, ഇവിടെ പലരും പറയും ദളിതന്‍ എന്ന് ഉപയോഗിക്കരുത് മനുഷ്യന്‍ എന്ന് പറയണം എന്ന്. ആ പേര് എന്തിന് മറച്ചു വയ്ക്കണം...ദളിതനെ അന്ന് അവജ്ഞയോടെ കാണുന്ന സമൂഹത്തില്‍ ഇത്തരം പുറംപൂച്ചുകള്‍ കൊണ്ട് കാര്യമുണ്ടോ. ദളിതനായ ഒരു കലാകാരനെ എന്തുകൊണ്ട് ആരും പ്രോത്സാഹിപ്പിച്ചില്ല.

ആ സിനിമയാണ് എനിക്ക് മണിക്ക് നല്കാൻ കഴിയുന്ന ആദരം

ഞാന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുക്കി. മണിയെ പോലെ തന്നെ ഉള്ള ഒരു ചെറുപ്പക്കാരനെ നായകനാക്കി അവതരിപ്പിച്ചു. അത് ജനങ്ങള്‍ സ്വീകരിച്ചു എന്നത് തന്നെ എന്റെ മനസില്‍ നൂറ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതിന് തുല്യമാണ്. ആ പടം ജനങ്ങള്‍ നെഞ്ചേറ്റി. ടിവിയില്‍ വന്നപ്പോള്‍ പോലും വലിയ റേറ്റിംഗ് ആയിരുന്നു ആ ചിത്രത്തിന് ലഭിച്ചത്. ഞാന്‍ കേട്ടിടത്തോളം പുലിമുരുകനും ബാഹുബലിക്കും ശേഷം ടിവി റേറ്റിംഗില്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചത് ചാലക്കുടിക്കാരന്‍ ചങ്ങാതിക്കാണ്.

തിയ്യേറ്ററില്‍ ആ പടം വന്നപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും ഇവിടുത്തെ വരേണ്യ വര്‍ഗം തയ്യാറായില്ല. അതൊക്കെ എനിക്കറിയാം. അതിന്റെ പിന്നാമ്പുറക്കഥകളും അതിന് അവര്‍ക്കുള്ള അമര്‍ഷങ്ങളും ഒക്കെ എനിക്കറിയാം. അതൊന്നും വക വയ്ക്കാതെ വര്‍ഷങ്ങളായി സിനിമ ചെയ്യുന്ന വ്യക്തിയാണ് ഞാന്‍.

അതുകൊണ്ട് തന്നെ ഞാന്‍ പറയട്ടെ. മണിക്ക് അങ്ങനെ ഒരു ആദരം കൊടുക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നന്മയും , ഏറ്റവും വലിയ വിജയവുമായി ഞാന്‍ കാണുന്നത്.

Content Highlights : Kalabhavan Mani Death Annivesary Director Vinayan Abou Kalabhavan Mani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented