ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് ഷാരൂഖ് ഖാനും കജോളും. സ്​​ക്രീനിലെ ഈ ഹിറ്റ്​ ജോഡി ജീവിതത്തിലും അടുത്ത കൂട്ടുകാരാണ്. ഈ താര കോമ്പോ ഒന്നിച്ച നിരവധി ചിത്രങ്ങൾ സിനിമാപ്രേമികളുടെ ഇഷ്ടസിനിമാ പട്ടികയിൽ മുന്നിലുണ്ട്. അതിലൊന്നാണ് ബോക്സ്ഓഫീസ് കണക്കുകളെ കാറ്റിൽ പറത്തിയ  'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'.

ചിത്രം പുറത്തിറങ്ങി ഇക്കഴിഞ്ഞ ഒക്ടോബർ 20ന് 26 വർഷം പിന്നിട്ടു. എന്നാൽ ഇപ്പോൾ‌ ചിത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കുറിപ്പ് പങ്കുവച്ച കജോൾ ഷാരൂഖിന്റെ ആരാധകരിൽ നിന്ന് വലിയ വിമർശനം നേരിടുകയാണ്. 

"സിമ്രാൻ 26 വർഷം മുമ്പാണ്​ ആ ട്രെയിൻ പിടിച്ചത്​. ആ സ്​നേഹത്തിന്​ ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു" -ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗം പങ്കുവച്ച് കജോൾ കുറിച്ചു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ ഷാരൂഖ് ആരാധകർ രം​ഗത്ത് വന്നത്. സൂപ്പർ ഹിറ്റ്​ സിനിമകളിലെ തൻറെ നായകനും സുഹൃത്തുമായ ഷാരൂഖ്​ ഇപ്പോൾ കടന്നുപോകുന്ന വിഷമസന്ധിയിൽ ഒരുവിധത്തിലുള്ള പിന്തുണയും നടിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന്​ കുറ്റപ്പെടുത്തിയാണ്​ ആരാധകർ വിമർശനമുന്നയിക്കുന്നത്​.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajol Devgan (@kajol)

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഷാരൂഖിന്റ മകൻ ആര്യൻ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ പരസ്യമായ പിന്തുണ കജോൾ അറിയിച്ചില്ലെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയത്തിലൂടെ ഷാരൂഖും കുടുംബവും കടന്നുപോകുമ്പോൾ ചിത്രത്തിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങിയ കജോളിനെതിരേ ട്രോളുകളും ശക്തമാണ്. 

"നിങ്ങളുടെ പി.ആർ ടീം ചെയ്​തതാണ്​ ഇതെങ്കിൽ ലജ്ജയുണ്ട്​. നിങ്ങൾ സ്വയം പങ്കുവച്ചാണെങ്കിൽ‌ അതേറെ വേദനിപ്പിക്കുന്നു. നിങ്ങളുടെ ഉറ്റസുഹൃത്ത്​ കടുത്ത വിഷമതകളിലൂടെ കടന്നുപോകു​കയാണ്, ആര്യന്​ ജാമ്യം നിരസിക്ക​പ്പെട്ട സമയത്താണ്​ നിങ്ങളുടെ ഈ പോസ്റ്റ്​. എന്താണ്​ നിങ്ങൾക്ക്​ പറ്റിയത്​?" വീഡിയോക്ക്​ താഴെ ഒരാൾ കുറിക്കുന്നു

"ഈ പ്രതിസന്ധിഘട്ടത്തിൽ നിങ്ങൾ ഷാരൂഖിനൊപ്പം നിൽക്കുമെന്ന്​ ഞാൻ പ്രതീക്ഷിച്ചു. എന്നാൽ,അങ്ങനെയൊന്നും കണ്ടില്ല, സോഷ്യൽ മീഡിയയിൽപോലും.. ഞാൻ നിങ്ങളുടെ ആരാധകനായിരുന്നു. എന്നാൽ, ഇപ്പോൾ.." എന്നാണ് മറ്റൊരു ആരാധകൻ കുറിച്ചത്. 

ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സൽമാൻ ഖാൻ, ഋത്വിക്​ റോഷൻ, ഫാറ ഖാൻ, സ്വര ഭാസ്​കർ,  തുടങ്ങി ബോളിവുഡിൽനിന്ന്​ ഒട്ടേറെപ്പേർ ഷാറൂഖിന്​ പരസ്യമായി പിന്തുണ പ്രഖ്യാപിച്ച്​ രംഗത്തുവന്നിട്ടുണ്ട്​. എന്നാൽ, കാജോൾ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

ഇക്കഴിഞ്ഞ ഒക്ടോബർ 21ന് ആർതർ റോഡ് ജയിലിൽ ആര്യനെ ഷാരൂഖ് സന്ദർശിച്ചിരുന്നു. 20 മിനിറ്റോളം ഇരുവരും സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഷാരൂഖിന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്. ആര്യൻ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെ നീട്ടിയിരിക്കുകയാണ്. ‌

content highlights : Kajol trolled for her silence on Shah Rukh Khans son Aryan Khans arrest  DDLJ aaniversary