കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും | ഫോട്ടോ: www.instagram.com/kajalaggarwalofficial/
ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാൾ. ഇപ്പോഴിതാ തന്റെ ഭർത്താവ് ഗൗതം കിച്ച്ലുവിന് ഹൃദയത്തിൽനിന്നൊരു കുറിപ്പെഴുതിയിരിക്കുകയാണ് താരം. നല്ലൊരു ഭർത്താവായതിന് നന്ദിയറിയിച്ചുകൊണ്ടാണ് കാജൽ നീണ്ട കുറിപ്പെഴുതിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ചിത്രങ്ങൾക്കൊപ്പം കാജൽ എഴുത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഹാനായൊരു ഭർത്താവായതിന് നന്ദി എന്നുപറഞ്ഞുകൊണ്ടാണ് കാജലിന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിസ്വാർത്ഥനായതിന്, മിക്ക രാത്രികളിലും എന്നോടൊപ്പം ഉറക്കമുണർന്നതിന്, ഉറങ്ങാൻ ഏറെ ഇഷ്ടപ്പെടുന്നയിടത്ത് കൂട്ടിരുന്നതിന്, ഡോക്ടറെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിന് തുടങ്ങി എല്ലാവിധത്തിലും തനിക്ക് ആശ്വാസമേകിയതിന് നന്ദിയെന്നാണ് താരം കുറിച്ചത്.
"ഏറ്റവും സ്നേഹമുള്ള ഒരച്ഛനായി കഴിഞ്ഞ എട്ടു മാസമായി താങ്കളെ കാണുന്നു. കുഞ്ഞിനെ എത്രമാത്രം നിങ്ങൾ സ്നേഹിക്കുന്നതെന്നും ഇപ്പോൾത്തന്നെ എത്ര കരുതൽ നൽകിക്കഴിഞ്ഞെന്നും എനിക്കറിയാം. സ്നേഹം വാരിക്കോരി നൽകുന്ന ഒരച്ഛനെയായിരിക്കും നമ്മുടെ മകൾക്ക് ലഭിക്കാൻ പോകുന്നതെന്നതിൽ ഞാൻ ഭാഗ്യവതിയാണ്. ജീവിതം പതിയെ മാറാൻ തുടങ്ങുകയാണ്. നമ്മൾ മാത്രമുള്ളപ്പോൾ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാൻ സാധിക്കില്ല. പക്ഷേ നമുക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞ് നമ്മുടെ ഹൃദയത്തിൽ ഒരുപാട് സന്തോഷം നിറയ്ക്കും." കാജൽ എഴുതി.
ഞാൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നതൊഴിച്ച് എല്ലാത്തിനും മാറ്റമുണ്ടാവും. ഏറ്റവും മികച്ച അച്ഛനായി നിങ്ങൾ മാറുമെന്നും ജീവനുള്ളിടത്തോളം കാലം നിങ്ങളെ സ്നേഹിക്കുമെന്നും കാജൽ കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..