'കടുവ'യിൽ പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran/photos
പൃഥ്വിരാജ് നായകനായ 'കടുവ'യില്‍ നായകന്റെ പേര് മാറ്റണമെന്ന് ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ്. സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ ജോസ് കുരുവിനാക്കുന്നലിന്റെ പരാതിയിലാണ് വിധി. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകകരുടെയും ജോസ് കുരുവിനാക്കുന്നലിന്റെ അഭിഭാഷകരുടെയും വാദം സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നു.
കടുവാകുന്നേല്‍ കുറുവാച്ചന് എന്നതാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ജോസ് കുരുവിനാക്കുന്നല്‍ അറിയപ്പെടുന്നത് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന് എന്ന പേരിലാണ്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നുമായിരുന്നു അഭിഭാഷകരുടെ വാദം. കുറുവച്ചന് എന്ന പേരിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്കാരമാണിതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒന്നും തന്നെയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ചിത്രം വെള്ളിയാഴ്ച റിലീസിനെത്തുന്നത്. ടിക്കറ്റിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാന്‍ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ പ്രോമോ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ഐഎംഡിബി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് 'കടുവ'. സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്ത് വിട്ടത്. ജോണ്‍ എബ്രഹാമിന്റെ 'ഏക് വില്ലനാ'ണ് ഈ പട്ടികയില്‍ ഒന്നാമത്.
'സിംഹാസനം' എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് 'കടുവ'. ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'കടുവ'. അര്ജുന് അശോകന്, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കനല് കണ്ണന്, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..