ഇളയദളപതിക്ക് പിറന്നാള്‍ ആശംസകള്‍

1997 തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. മികച്ച നടന്‍; വിജയ്, ചിത്രം; കാതലുക്കു മര്യദൈ. ശാലിനി, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിന്റെ തമിഴ് റീമേക്കായിരുന്നു കാതലുക്കു മര്യാദൈ. മ്യൂസിക്കല്‍-ഡ്രാമ വിഭാഗത്തിലുള്ള ചിത്രം മലയാളത്തിലെന്നപോലെ തമിഴ്‌നാട്ടിലും വന്‍ വിജയമായി. വിജയിന്റെ സിനിമാജീവിതത്തില്‍ വഴിതിരിവായിരുന്നു ഈ ചിത്രം. 

ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിജയിന് ശക്തനായ എതിരാളി ഉണ്ടാകുമായിരുന്നു. അത് മറ്റാരുമല്ല, സാക്ഷാല്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളിലൊന്നായ മണിരത്‌നത്തിന്റെ ഇരുവര്‍ അതേ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്. എന്നാല്‍ ഇരുവറിനെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നില്ല. അതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നതായി അന്നേ ആരോപണം ഉയർന്നിരുന്നു.

തമിഴ്നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് സാങ്കല്‍പിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചുകാണിച്ചത്. 

ചരിത്രവും കെട്ടുകഥയും പരസ്പരം വേര്‍തിരിച്ചറിയാനാവാത്ത വിധം ചേര്‍ന്നുനിന്നപ്പോള്‍ ഇരുവറിനെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. അവരുടെ അനുയായികളുടെ ആക്രോശങ്ങള്‍ക്ക് മുന്‍പില്‍ (പ്രത്യേകിച്ച ജയലളിതയുടെ) മണിരത്നത്തിന് ക്ലൈമാക്സ് അടക്കം മാറ്റിയെടുക്കേണ്ടി വന്നുവെന്നാണ് വാല്‍ക്കഷ്ണം. തമിഴ്നാട് രാഷ്ട്രീയത്തിലെ മൂന്ന് വടവൃക്ഷങ്ങളുടെ ജീവിതത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ ചലച്ചിത്രകാരന്‍ നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധിയായിരിക്കും എന്നതില്‍ സംശയമില്ലല്ലോ? 

സൂപ്പര്‍താരപദവിയിലേക്കുള്ള വിജയിച്ച വളര്‍ച്ചയിലേക്ക് ശക്തമായ അടിത്തറ പാകാന്‍ ഫാസില്‍ ചിത്രത്തിന് സാധിച്ചു. പിന്നെയും വിജയിനെ സംസ്ഥാന പുരസ്‌കാരങ്ങള്‍ തേടിയെത്തി. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് വിജയിനോളം താരമൂല്യമുള്ള മറ്റൊരു നടന്‍ തമിഴ്നാട്ടില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിനുത്തരം ഇല്ലെന്ന് തന്നെയാണ്. സമീപകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ വരുമാനം പരിശോധിച്ചാല്‍ അത് വ്യക്തമാകും. വിമര്‍ശകര്‍ 'രക്ഷകന്‍' എന്ന് പരിഹാസേണ പറയാറുണ്ടെങ്കിലും ബോക്സ് ഓഫീസിലെ തന്റെ അപ്രമാദിത്തം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയാണെന്നതില്‍ വിജയിന് വ്യക്തമായ ധാരണയുണ്ട്.

Content Highlights: Kadhalukku Mariyadhai Vijay Tamilnadu state award, Iruvar, Mohanlal, Vijay birthday