യസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാര്‍. കടമറ്റത്ത് കത്തനാരുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആര്‍. രാമാനന്ദാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. 'ചില കഥാപാത്രങ്ങളായി മാറാന്‍ കൊതിയോടെ കാത്തിരിക്കുന്ന പോലെ, 'കടമറ്റത്തെ വനമാന്ത്രികനായി' മാറാന്‍ ഞാന്‍ കാത്തിരിക്കുന്നു..'പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.

തമീര്‍ മാംഗോ ആണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

Kathanar

ഫിലിപ്പ്സ് ആന്റ് മങ്കിപ്പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റോജിന്‍ തോമസ്. ജയസൂര്യയും റോജിനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 3 ഡി സാങ്കേതിക മികവോടെയാണ് കടമറ്റത്ത് കത്തനാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

1984 ല്‍ പ്രേംനസീറിനെ നായകനാക്കി എന്‍.പി സുരേഷ് ബാബു കടമറ്റത്തച്ചന്‍ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യ, എം.ജി സോമന്‍, ഹരി, പ്രതാചന്ദ്രന്‍ എന്നിവരാണ് പ്രധാന മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കടമറ്റത്ത് കത്തനാരുടെ കഥ ടെലിവിഷന്‍ സീരിയലായും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ട്. പ്രകാശ് പോള്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. 

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടട് ആയിരിക്കും കടമറ്റത്ത് കത്തനാര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. 

ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടിലെത്തിയ മിക്ക ചിത്രങ്ങളും ജനപ്രീതി നേടുകയും ബോക്സ് ഓഫീസില്‍ വന്‍ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രൈഡേ ഫിലിം  ഹൗസ് നിര്‍മിക്കുന്ന മറ്റു അഞ്ച് സിനിമകളില്‍ ജയസൂര്യ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശ്ശൂര്‍ പൂരം, അതിഥി റാവു ഹൈദാരി നായികയായെത്തുന്ന സൂഫിയും സുജാതയും നടന്‍ സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം എന്നിവയ്ക്ക് പുറമേ പേരിടാത്ത മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു.

Content Highlights: Kadamattathu Kathanar, 3D Movie, Jayasurya to play lead, poster, Rojin Thomas, R Ramanand, Vijay Babu, Friday Film House