ബോളിവുഡ് നടന്‍ കബീര്‍ ബേഡിയുടെ ആത്മകഥ 'സ്റ്റോറീസ് ഐ മസ്റ്റ് ടെല്‍; ദ ഇമോഷണല്‍ ജേണി ഓഫ് ആന്‍ ആക്ടര്‍'  പുറത്തിറങ്ങാനൊരുങ്ങുകയാണ്. തന്റെ വ്യക്തിജീവിതത്തിലെയും സിനിമാജീവിതത്തിലെയും അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ കബീര്‍ ബേഡി തുറന്ന് പറയുന്നത്.

പ്രോമിത ബേഡിയുമായുള്ള വിവാഹജീവിതത്തെക്കുറിച്ചും അതില്‍ സംഭവിച്ച പരാജയങ്ങളെക്കുറിച്ചും കബീര്‍ ബേഡി പുസ്തകത്തില്‍ കുറിക്കുന്നു. പ്രോതിമയുമായുള്ള ഓപ്പണ്‍ മാരേജ് (വിവാഹേതര ബന്ധത്തിന് താല്‍പര്യമുണ്ടെങ്കില്‍ അത് അനുവദിക്കുന്ന വിവാഹം) തനിക്ക് സന്തോഷം നല്‍കിയില്ലെന്നും അത് പരാജയത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് കബീര്‍ ബേഡി പറയുന്നു. ബോളിവുഡ് നടി പര്‍വീണ്‍ ബാബിയുമായി താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ പ്രോതിമ പൊട്ടിക്കരഞ്ഞുവെന്നും കബീര്‍ ബേഡി പറയുന്നു.

''പ്രോതിമയോട് സത്യം തുറന്ന് പറയുന്നത് എളുപ്പമായിരുന്നില്ല. ഞാന്‍ ഇന്ന് രാത്രി പര്‍വീണുമായി സമയം ചെലവഴിക്കുകയാണെ'ന്ന് പ്രോതിമയോട് ഒരു ദിവസം തുറന്ന് പറഞ്ഞു. പ്രോതിമ വളരെ പതിയെ എനിക്കരികില്‍ വന്ന് ആശ്ചര്യത്തോടെ ചോദിച്ചു, പര്‍വീണോ?, ഞാന്‍ ഇന്നിവിടെ ഇപ്പോള്‍ എത്തിയതല്ലേയുള്ളൂ, ഇന്ന് നിങ്ങള്‍ക്ക് എനിക്കൊപ്പം ചെലവഴിച്ചുകൂടെ? ഞാന്‍ പറഞ്ഞു, എനിക്ക് ഈ രാത്രി അവള്‍ക്കൊപ്പം ചെലഴിക്കണം, ഇനിയുള്ള എല്ലാ രാത്രികളും'.

ആ നിമിഷത്തിലാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മാറിപ്പോയെന്ന് പ്രോതിമയ്ക്ക് മനസ്സിലായത്. അവള്‍ വീണ്ടും എനിക്കരികില്‍ വന്ന് ചോദിച്ചു, 'നിങ്ങള്‍ അവളെ സ്‌നേഹിക്കുന്നുവോ, അവള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവോ? ഞാന്‍ തലകുലുക്കി. അത് കേട്ടപ്പോള്‍ അവളുടെ മുഖഭാവം മാറി, കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഒരു പ്രണയബന്ധം അവസാനിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അവള്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ എന്റെ ജീവിതം മാറ്റി മറിക്കുന്നതായിരുന്നു. എന്നിരുന്നാലും എന്റെ ദൗര്‍ബല്യം അവള്‍ക്ക് മുന്നില്‍ ഞാന്‍ കാണിച്ചില്ല. അതവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അവളെ തോളോട് ചേര്‍ത്ത്‌ നിര്‍ത്തി ആലിംഗനം ചെയ്ത് വിട പറഞ്ഞു. അവള്‍ എന്റെ ശരീരത്തില്‍ ചാരിനിന്ന് പൊട്ടിക്കരഞ്ഞു. എന്നെ വിട്ടുപോകരുതെ'ന്ന് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയായിരുന്നു ഞാന്‍ പ്രോതിമയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചത്.' 

1969-ലാണ് കബീര്‍ ബേഡി മോഡലായ പ്രോതിമയെ വിവാഹം കഴിക്കുന്നത്. പൂജ ബേഡി, സിദ്ധാര്‍ഥ് ബേഡി എന്നിവരാണ് ഇവരുടെ മക്കള്‍. വിവാഹത്തിന് ശേഷം പ്രോതിമ ബേഡി ഓഡീസ്സി നൃത്തം പഠിക്കുകയും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നര്‍ത്തകിയാവുകയും ചെയ്തു. 1974-ല്‍ കബീര്‍ ബേഡിയും പ്രോതിമയും വേര്‍പിരിഞ്ഞു. 

കബീര്‍ ബേഡിയും പര്‍വീണ്‍ ബാബിയുമായുള്ള ബന്ധം വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. അതിന് ശേഷം കബീര്‍  ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ സൂസന്‍ ഹംഫ്രെയേ വിവാഹം ചെയ്തു. 10 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വേര്‍പിരിഞ്ഞു. 1992-ല്‍ അവതാരകയായ നിക്കി ബേഡിയെ വിവാഹം ചെയ്തു. 2005-ല്‍ ഈ ബന്ധവും അവസാനിച്ചു. പിന്നീട് കബീര്‍ ബേഡി ബ്രിട്ടണ്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജായ പര്‍വീണ്‍ ദുസഞ്ചിനെ വിവാഹം ചെയ്തു.

Content Highlights: Kabir Bedi reveals how he ended open marriage with Protima Gupta, Stories I Must Tell: The Emotional Journey of an Actor