ന്ത്യന്‍ സിനിമയില്‍ തന്നെ വേറിട്ടു നില്‍ക്കുന്നവയാണ് മണിരത്‌നത്തിന്റെ സിനിമകള്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇക്കുറി 'കാട്രു വെളിയിടൈ ' എന്ന മണിരത്‌നം ചിത്രത്തില്‍ നായകനാവാന്‍ നറുക്ക്വീണത് നടന്‍  കാര്‍ത്തിക്കാണ്. 

കാര്‍ത്തിയുടെ സിനിമാജീവിതത്തിന്റെ തുടക്കം തന്നെ 'ആയുധ എഴുത്ത് ' എന്ന സിനിമയില്‍ മണിരത്‌നത്തിന്റെ സംവിധാന സഹായി ആയിട്ടായിരുന്നു. ഇപ്പോള്‍ മണിരത്‌നത്തിന്റെ സിനിമയില്‍ നായകനാവാന്‍ കഴിഞ്ഞത് ദൈവം നിയോഗമായിട്ടാണ് കാര്‍ത്തി കരുതുന്നത്. കാരണം ഒരു ഗുരുശിഷ്യ ബന്ധമാണ് മണിരത്‌നവും കാര്‍ത്തിയും തമ്മിലുള്ളത്  എന്നതു തന്നെ. മണിരത്‌നം ചിത്രത്തില്‍ നായകനാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെ 'കാട്രു വെളിയിടൈ'യെക്കുറിച്ച് കാര്‍ത്തി പറയുന്നു.

kaatru

'കാട്രു വെളിയിടൈ' ഒരു ക്ലാസിക്ക് ലവ് സ്റ്റോറിയാണ്. മണി സാറിന്റെ തന്നെ 'അലൈ പായുതേ'പോലെ മനസ്സിനെ സ്പര്‍ശിക്കുന്ന, നൊമ്പരപ്പെടുത്തുന്ന, സുഖം പകരുന്ന ഒരു സിനിമ!. എന്നു കരുതി 'അലൈ പായുതേ 'യോ, അദ്ദേഹത്തിന്റെ മറ്റു സിനിമകളെയോ മനസ്സില്‍ കണ്ടു കൊണ്ട്, ആ സിനിമകളെ പ്രതീക്ഷിച്ചു കൊണ്ട് മുന്‍വിധിയോടെ 'കാട്രു വെളിയിടൈ'യെ കാണാന്‍ ഒരുങ്ങരുത്. ഇത് തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള, വ്യത്യസ്തമായ ഒരു ലവ് സ്റ്റോറിയാണ്. ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റ് കഥാപാത്രമാണ് എന്റേത്. അതിഥി റാവുവാണ് നായിക. ഡോക്ടര്‍ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിയ്ക്കുന്നത്. ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റും ലേഡി ഡോക്ടറും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം.

മണി സാറിന്റെ 'ഓ കാതല്‍ കണ്മണി' കാലിക പ്രണയത്തെക്കുറിച്ച്  അധികം പ്രതിപാദിക്കുന്ന സിനിമയായിരുന്നു. എന്നാല്‍ കാട്രു വെളിയിടൈ ഒരു ക്ലാസിക്കല്‍ ലവ് സ്റ്റോറിയാണ്. എന്നെന്നും മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരു സിനിമ. മനുഷ്യ ബന്ധങ്ങളെക്കുറിച്ചും ഹൃദയ ബന്ധങ്ങളെക്കുറിച്ചും സിനിമയില്‍ വിവരിച്ചു കാണിക്കാന്‍ മണി സാറിനെപ്പോലെ മറ്റാര്‍ക്കുമാവില്ല. പട്ടാളക്കാരുടേത് ഒരു സാധാരണ ജീവിതമല്ല. സാധാരണ പട്ടാളക്കാര്‍ക്ക് യുദ്ധവേളയിലാണ് അപകട സാധ്യതകള്‍ ഏറെ. എന്നാല്‍ യുദ്ധ വിമാന പൈലറ്റുകള്‍ക്ക് പരിശീലനത്തിന്റെ ആദ്യനാള്‍ തൊട്ടേ അവരുടെ ജീവിതം അപകടം പതിയിരിക്കുന്നതാണ്.ശാരീരികമായും മാനസിമായും ഏത് ദുരവസ്ഥയേയും നേരിടാനും അതിജീവിക്കാനും അവര്‍ സജ്ജരായിരിയ്ക്കണം. സദാ ജാഗരൂകരായിക്കണം. കുറച്ചൊന്ന് അശ്രദ്ധരായാല്‍ പോലും മേലുദ്യോഗസ്ഥരുടെ ശിക്ഷാ നടപടികള്‍ക്ക് വീധേയരാവേണ്ടി വരും. അത്തരത്തിലുള്ള ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുന്ന  ഒരുവന്റെ പ്രണയം പുതുമയായതും ഹൃദയത്തെ സ്പര്‍ശിക്കുന്നതുമായിരിക്കും. അതാണ് 'കാട്രു വെളിയിടൈ'.  

വളരെ വ്യത്യസ്തമായ നായികാ കഥാപാത്രത്തെയാണ് അതിഥിയായി റാവു അവതരിപ്പിക്കുന്നത്. കാണാന്‍ വളരെ സോഫ്റ്റും എന്നാല്‍ മനോധൈര്യവുമുള്ള ലേഡി ഡോക്ടര്‍ കഥാപാത്രം.തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ തമിഴ് പഠിച്ച്, വളരെ പ്രതിപത്തിയോടെയും സമര്‍പ്പണ ബോധത്തോടെയുമാണ്  അതിഥി അഭിനയിച്ചിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് അവര്‍ മായില്ല.നൂറു ശതമാനം പ്രണയം എന്ന് വിശേഷിപ്പിക്കാവുന്ന 'കാട്രു വെളിയിടൈ' കാലാതീതമായി മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരു പ്രണയ ചിത്രമായിരിക്കും തീര്‍ച്ച.' കാര്‍ത്തി പറഞ്ഞു. 

മണിരത്‌നം രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന 'കാട്രു വെളിയിടൈ' കാഷ്മീരിന്റേയും ലഡാക്കിന്റേയും പശ്ചാത്തലത്തില്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് മലയാളികള്‍ക്കും പ്രിയങ്കരനായ ഛായാഗ്രാഹകന്‍ രവിവര്‍മ്മനാണ്. എആര്‍. റഹമാന്റെ പശ്ചാത്തല സംഗീതവും അദ്ദേഹം സംഗീതം പകര്‍ന്ന്  ചിട്ടപ്പെടുത്തി ഗാനങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു മുതല്‍ക്കൂട്ട്. മെഡ്രാസ് ടാക്കീസ് നിര്‍മിച്ചിരിക്കുന്ന 'കാട്രു വെളിയിടൈ' ഏപ്രില്‍ 7ന് തമീന്‍സ് റിലീസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.