മണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിടെയ് എന്ന ചിത്രത്തിന്റെ കര്‍ട്ടണ്‍ റൈസര്‍ തരംഗമാകുന്നു. വ്യാഴാഴ്ച ഇറക്കിയ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഒന്‍പത് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. കാര്‍ത്തിയും അതിഥി റാവുമാണ് ഈ പ്രണയ ചിത്രത്തിലെ താരങ്ങള്‍.

മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പ്രസിദ്ധമായ കാട്രു വെളിയിടെയ് കണ്ണമ്മ എന്ന കവിതയിലെ വരികളിലൂടെയാണ് കര്‍ട്ടന്‍ റൈസര്‍ തുടങ്ങുന്നത്. മഞ്ഞുപുതച്ച ഒരു മലനിരയിലെ പാതയിലൂടെ വരുന്ന നായിക ബസ്സില്‍ നിന്ന് പുറത്തേയ്ക്ക് തലയിട്ട് മഞ്ഞിന്റെ ഈറന്‍സുഖം നുകരുന്നതാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഊട്ടി, കൂനൂര്‍, കൊടൈക്കനാല്‍, ഹിമാചല്‍പ്രദേശ്, ലഡാക്ക്, ഹൈദരാബാദ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. വരുവാന്‍ വരുവാന്‍ എന്ന റഹ്മാന്‍ ഗാനത്തിന്റെ അകമ്പടിയോടെയാണ് നായിക അതിഥിയെ അവതരിപ്പിക്കുന്നത്. മഞ്ഞ് ഏറെ തഴുകാതെ ഹിമാലയത്തിന്റെ മറ്റേതോ ഭാഗത്തൂടെ നടന്നുനീങ്ങുന്ന നായകനുമുണ്ട് വീഡിയോയില്‍.

എ.ആര്‍. റഹ്മാന്റെ പിയാനോയില്‍ വിരിഞ്ഞ ഇമ്പമാര്‍ന്ന ഈണവും അതില്‍ ഇഴചേര്‍ന്ന രവി വര്‍മന്റെ ക്യാമറ ഒപ്പിയ ചാരുതയുള്ള ദൃശ്യങ്ങളും പ്രണയമാണ് ചിത്രത്തിന്റെ ഹൃദയമെന്ന സൂചനയും നല്‍കുന്നു.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വൈരമുത്തുവാണ് ഗാനങ്ങള്‍ രചിച്ചത്.