അറസ്റ്റിലായ സരസ്വതി, ലീന മണിമേഖല
ഡോക്യുമെന്ററി സംവിധായക നടിയുമായ ലീന മണിമേഖലയ്ക്കെതിരേ വധഭീഷണി മുഴക്കിയ വലതുപക്ഷ സംഘടനാ നേതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ലീന മണിമേഖല കാളി ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്. കാളി ദേവിയുടെ വേഷത്തില്‍ ഒരാള്‍ പുകവലിച്ചുകൊണ്ട് എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി നില്‍ക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഒട്ടേറെപേര്‍ സംവിധായികയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അറസ്റ്റ് ലീന മണിമേഖല എന്ന കാമ്പയിന് ട്വിറ്ററില്‍ സജീവമായി.
കൊയമ്പത്തൂരിലെ 'ശക്തി സേന ഹിന്ദു മക്കള്‍ ഇയക്കം' എന്ന തീവ്രവലതു സംഘടനയുടെ സ്ഥാപകയായ സരസ്വതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ലീനയെ അധിക്ഷേപിക്കുന്ന ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.
കാളി' പ്രദര്‍ശനം ടൊറന്റോയില്‍ നിര്‍ത്തി
ന്യൂഡല്‍ഹി/ടൊറന്റോ: സംവിധായിക ലീന മണിമേഖലയുടെ വിവാദ ഡോക്യുമെന്ററി 'കാളി'യുടെ പ്രദര്‍ശനം നിര്‍ത്തിയതായി കാനഡയിലെ ടൊറന്റോയിലുള്ള ആഗാഖാന്‍ മ്യൂസിയം അധികൃതര്‍ അറിയിച്ചു.
ഡോക്യുമെന്ററിക്കെതിരേ വന്‍പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ പ്രദര്‍ശനവും പോസ്റ്ററും സാമുദായികവികാരം വ്രണപ്പെടുത്തിയെങ്കില്‍ അഗാധമായി ഖേദിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. വിഷയം പരിശോധിച്ചുവരികയാണെന്നും അവര്‍ വ്യക്തമാക്കി.
ടൊറന്റോയില്‍ താമസിക്കുന്ന തമിഴ്നാട്ടുകാരിയായ ലീന അവിടുത്തെ ആഗാഖാന്‍ മ്യൂസിയത്തില്‍ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്.
ഈ ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ചിത്രമാണ് വിവാദമായത്.
വിവാദ പോസ്റ്റര്‍ നീക്കണമെന്ന് സംഘാടകരോടും കനേഡിയന്‍ അധികൃതരോടും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
സംവിധായികയുടെ പേരില്‍ പരാതിയെത്തുടര്‍ന്ന് ഡല്‍ഹിയിലും യു.പി.യിലും പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..