Photo:Mathrubhumi
ഹൈദരാബാദ്: 'ശങ്കരാഭരണം' എന്ന ഒറ്റച്ചിത്രം മതി കെ. വിശ്വനാഥ് എന്ന സംവിധായകനെ എന്നെന്നും ഓര്‍ക്കാന്‍. സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് അദ്ദേഹം സംവിധാനം ചെയ്ത ഈ സിനിമ ഇരുകൈയും നീട്ടിയാണ് ഇന്ത്യന്‍ സിനിമ ലോകം സ്വീകരിച്ചത്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത എസ്.പി. ബാലസുബ്രഹ്‌മണ്യത്തെക്കൊണ്ട് ഈ ചിത്രത്തിലെ ഗാനങ്ങള്‍ പാടിച്ചത് ധീരമായൊരു പരീക്ഷണമാണ് അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ പരീക്ഷണം പൂര്‍ണവിജയമാണെന്ന് എസ്.പി.ബി.ക്ക് തെളിയിക്കാന്‍ കഴിഞ്ഞതോടെ 'ശങ്കാരാ നാദശരീരാപരാ...' എന്നതുള്‍പ്പെടെയുള്ള ഗാനങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചേറ്റുകയും ചിത്രത്തെ വന്‍വിജയമാക്കുകയും ചെയ്തു. തെലുങ്കിലെ തട്ടുപൊളിപ്പന്‍ വാണിജ്യസിനിമകള്‍ക്കിടയില്‍ ശങ്കരാഭരണത്തിന് വന്‍ വിജയം നേടാന്‍ കഴിഞ്ഞതോടെ കാഴ്ചയുടെ നിലവാരം ഉയര്‍ത്താനും അത്തരത്തിലുള്ള നല്ല സിനിമകളിലേക്ക് സംവിധായകരുടെ ക്യാമറ തിരിയുകയും ചെയ്തു.
ഈ സിനിമ അതേ പേരില്‍ തമിഴിലും മലയാളത്തിലുമായി മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം സംവിധാനം ചെയ്ത ശാരദ, സ്വാതി മുത്തയ്യം, ശ്രീവെണ്ണല, കാലം മറിന്ദി തുടങ്ങിയ ചിത്രങ്ങള്‍ കലാമൂല്യമേറിയവയായിരുന്നു.
മദ്രാസിലെ വുഹിനി സ്റ്റുഡിയോയില്‍ സൗണ്ട് റെക്കോഡിസ്റ്റായിട്ടായിട്ടാണ് കെ. വിശ്വനാഥന്റെ കരിയറിന്റെ തുടക്കം. പിന്നീട് സിനിമാ സംവിധാനത്തിലേക്ക് തിരിഞ്ഞു. അദുര്‍ത്തി സുബ്ബറാവു, കെ. രാംനോത്ത് എന്നിവരുടെ കീഴില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംവിധായകരായ കെ. ബാലചന്ദറിന്റെയും ബാപ്പുവിന്റെയും അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത് 1965-ല്‍ പുറത്തിറങ്ങിയ 'ആത്മഗൗരവ' ത്തിലൂടെയാണ്. ആ വര്‍ഷത്തെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നന്ദി അവാര്‍ഡ് ചിത്രത്തിന് ലഭിച്ചു.
1981-ല്‍ ഫ്രാന്‍സിലെ ബെസാനോണ്‍ ഫിലിം ഫെസ്റ്റിവലില്‍ അദ്ദേഹത്തെ 'പ്രൈസ് ഓഫ് ദ പബ്ലിക്' നല്‍കി ആദരിച്ചിരുന്നു.
ശ്രദ്ധേയ സിനിമകള്‍: ആത്മഗൗരവം, ശങ്കരാഭരണം, സപ്തതി, സ്വര്‍ണകമലം, സ്വാതി മുത്തയ്യം, ശ്രുതിലയലു, സാഗരസംഗമം,
സ്വയംക്രുശി, ഓ സീത കഥ, ജീവന ജ്യോതി, സീതാലക്ഷ്മി, ഭരതം, സുബോധയം, സുഭലേഖ, ജനനി ജന്മഭൂമി, ധനവാന്‍, ശുഭസങ്കല്പം, സ്വരാഭിഷേകം, ഈശ്വര്‍, ശുഭപ്രദം, ശുഭ്കാമ്ന (ഹിന്ദി), കാംചോര്‍(ഹിന്ദി), സുര്‍ സംഗമം(ഹിന്ദി), സന്‍ജോഗ്(ഹിന്ദി), സര്‍ഗം (ഹിന്ദി).
Content Highlights: k viswanathan sankarabharanam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..