K Madhu. Hariharan Photo | Facebook, K Madhu
ജെസി ഡാനിയൽ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ പ്രിയ സംവിധായകൻ ഹരിഹരനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ കെ.മധു. തന്റെ ഗുരു കൂടിയായ ഹരിഹരൻ സാറിന് ജെ സി ഡാനിയൽ പുരസ്കാരം ലഭിച്ച വാർത്ത തന്നെ അത്യധികം ആഹ്ളാദിപ്പിക്കുന്നുവെന്ന് മധു കുറിച്ചു.
സ്വന്തമാക്കാതെ മനുഷ്യർ സ്നേഹിക്കുന്ന മറ്റൊന്നില്ല, ഗുരുവിനെയല്ലാതെ എന്ന തലക്കെട്ടോടെയാണ് കെ മധുവിന്റെ കുറിപ്പ്.
"സ്വന്തമാക്കാതെ മനുഷ്യർ സ്നേഹിക്കുന്ന മറ്റൊന്നില്ല ; ഗുരുവിനെയല്ലാതെ !
ഗുരുസ്നേഹം ഏറെ ദീപ്തമായ ദിനമാണ് ഇന്ന്. ഞാൻ ഹരൻസാറെന്നു വിളിക്കുന്ന ഗുരുസ്ഥാനീയനായ ഹരിഹരൻ സാറിന് ജെ.സി. ഡാനിയൽ പുരസ്കാരം ലഭിച്ച വാർത്ത എന്നെ അത്യധികം ആഹ്ലാദിപ്പിക്കുന്നു. ഓർമ്മയുടെ തിരിതെളിയിച്ചാൽ ' 79 കാലഘട്ടത്തിലാണ് ഞാൻ ഹരൻസാറിനെ ആദ്യമായി കണ്ടത്. അത് എന്റെ പ്രിയ ഗുരുനാഥൻ കൃഷ്ണൻനായർ സാറിനൊപ്പം സംവിധാന സഹായിയായി മദ്രാസിലായിരുന്ന ആ കാലത്ത് .
ഹരിഹരൻ സാർ ഞങ്ങളുടെ സെറ്റിൽ എത്തിയാൽ സ്വീകരിക്കുക എന്ന ചുമതല എന്നെയാണ് കൃഷ്ണൻ നായർ സർ ഏൽപ്പിച്ചത്. അന്ന് എന്റെഗുരുനാഥൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഹരൻ സാറിനെ ആദ്യം തന്നെ ഞാൻ മനസ്സുകൊണ്ട് ബഹുമാനിച്ചിരുന്നു. "ഹരൻ വന്നാൽ ഉടനെ അകത്തേക്ക് കൂട്ടി കൊണ്ടുവരണം; ഷൂട്ട് അകത്ത് നടക്കുന്നു എന്നറിഞ്ഞാൽ ഹരൻ വരില്ല "അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവയായിരുന്നു. മഹനീയമായ ആ വ്യക്തിത്വം മനസ്സിലാക്കാൻ മറ്റെന്തു വേണം. ഹരൻസാർ എത്തി; ഞാൻ അകത്തേക്ക് കൊണ്ടുപോകുമ്പോൾ "ഷൂട്ട് ആണെങ്കിൽ കഴിഞ്ഞിട്ട് കയറാം " എന്ന് ഹരൻ സാർ പറഞ്ഞു . മിനുട്ടുകൾക്ക് പെന്നിൻവിലയുളള ഒരു സംവിധായകനാണ് അന്ന് അങ്ങനെ പറഞ്ഞത് !
പക്ഷേ ഈ ദൗത്യം എന്നെ ഏൽപ്പിച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് ഞാൻ എന്റെ ഗുരുവിന്റെ അടുത്ത് ഹരൻ സാറിനെയെത്തിച്ചു. അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് മറക്കാനാവാത്ത മറ്റൊരു രംഗമായിരുന്നു. ഗുരുവിനോട് ശിഷ്യൻ കാണിക്കുന്ന ആദരവ് നിറഞ്ഞ സ്നേഹവും , ശിഷ്യനോട് ഗുരു കാണിക്കുന്ന കരുതൽ നിറഞ്ഞ സ്നേഹവുമായിരുന്നു അന്ന് ഞാൻ കണ്ടനുഭവിച്ചത്. ഇന്ന് ഇരട്ടിമധുരമാണ് ;
എന്റെ ഗുരുനാഥൻ കൃഷ്ണൻ നായർ സാറിന് ലഭിച്ച അതേ പുരസ്കാരം അദ്ദേഹത്തിന്റെ ശിഷ്യനായ ഹരിഹരൻ സാറിനും ലഭിച്ചു എന്നതിനാൽ... കാലം കരുതിവച്ച അംഗീകാരം. തീർത്തും അർഹതയ്ക്കുള്ള അംഗീകാരം. ആഹ്ലാദത്തോടെ, ആനന്ദത്തോടെ,
"അഭിനന്ദനങ്ങൾ ഹരൻ സാർ"
സ്വന്തമാക്കാതെ മനുഷ്യർ സ്നേഹിക്കുന്ന മറ്റൊന്നില്ല ; ഗുരുവിനെയല്ലാതെ ! ഗുരുസ്നേഹം ഏറെ ദീപ്തമായ ദിനമാണ് ഇന്ന്. ഞാൻ...
Posted by K Madhu on Tuesday, 3 November 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..