ജ്യോതിക നായികയായ തമിഴ് സിനിമ പൊന്‍മഗള്‍ വന്താല്‍ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സിലേക്ക് ചോര്‍ന്നു. മേയ് 29-ന് അര്‍ദ്ധരാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് തീരുമാനിച്ചിരുന്ന സിനിമ ചില സാങ്കേതിക കാരണങ്ങളാല്‍ ഒരു മണിക്കൂറോളം വൈകിയാണ് റിലീസ് ചെയ്തത്. ഈ സമയത്തിനുള്ളില്‍ സിനിമ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയായിരുന്നു.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് സിനിമ ആമസോണില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സില്‍ ചോര്‍ന്നുവെന്നാണ്. സിനിമയുടെ എച്ച്.ഡി. പതിപ്പ് ഇന്റര്‍നെറ്റില്‍ വന്നതാണ് നിര്‍മാതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്. 

സിനിമ വ്യാഴ്യാഴ്ച രാത്രി റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ രണ്ട് മണിക്കൂറോളം വൈകിയാണ് സിനിമ പ്രൈമില്‍ ലഭ്യമായത്. ഇതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. തമിള്‍ റോക്കേഴ്‌സിന്റെ വെബ്‌സൈറ്റില്‍ കൂടാതെ ടെലഗ്രാം ആപ്പിലും സിനിമയുടെ എച്ച്.ഡി. പതിപ്പ് ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

ജെ.ജെ. ഫ്രഡറിക്ക് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് പൊന്‍മഗള്‍ വന്താല്‍. 2 ഡി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നടന്‍ സൂര്യയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജ്യോതികയെ കൂടാതെ കെ. ഭാഗ്യരാജ്, ആര്‍. പാര്‍ഥിപന്‍, പാണ്ഡ്യരാജന്‍, പ്രതാപ് പോത്തന്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 

Content Highlights: Jyothika starrer Ponmagal Vanthal leaked to piracy site Tamil Rockers and others before Amazon premiere