
-
ഒരു പുരസ്കാര ചടങ്ങിനിടെ നടി ജ്യോതിക നടത്തിയ പ്രസംഗം വിവാദമായിരുന്നു. തന്റെ പുതിയ സിനിമ ചിത്രീകരിക്കുന്നതിനിടെ തഞ്ചാവൂരിലെ ആശുപത്രികൾ സന്ദർശിച്ചുവെന്നും തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ജ്യോതിക പറഞ്ഞു. രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് ജ്യോതിക തന്റെ ആശങ്കകൾ പങ്കുവച്ചത്.
''ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ പോലെ സംരക്ഷിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടിലാണ്. ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിന് മാത്രമല്ല നല്ല സ്കൂളുകൾ കെട്ടിപ്പടുക്കാനും ആശുപത്രികൾ നന്നാക്കാനും പങ്കുചേരണം. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്''- ജ്യോതിക കൂട്ടിച്ചേർത്തു. ജ്യോതികയുടെ പ്രസംഗം വലിയ വിവാദമായി. ക്ഷേത്രങ്ങളുടെ കാര്യം എടുത്തു പറഞ്ഞ ജ്യോതിക എന്തുകൊണ്ടു പള്ളികളെക്കുറിച്ച് പറയുന്നില്ല എന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തി. ഇതിന് വിശദീകരണം നൽകുകയാണ് സംവിധായകൻ ശരവണൻ.
ജ്യോതികയെയും ശശികുമാറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചത് ഞ്ചാവൂരിലാണ്. സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്.
''സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് തഞ്ചാവൂരിൽ എത്തിയത്. വേണമെങ്കിൽ ഞങ്ങൾക്ക് ചെന്നെെയിൽ സെറ്റിടാമായിരുന്നു. എന്നാൽ തഞ്ചാവൂരിലെ ജീവിതത്തിന്റെ നേർകാഴ്ച പ്രേക്ഷകരിൽ എത്തിക്കാനാണ് ഞങ്ങൾ അവിടം തന്നെ തിരഞ്ഞെടുത്തത്. അവിടെ ആശുപത്രിയിൽ പ്രസവത്തിനായി സ്ത്രീകൾക്ക് പ്രത്യേക വാർഡില്ലായിരുന്നു. മാത്രവുമല്ല, കുഞ്ഞുങ്ങൾ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ജ്യോതികയുടെ പ്രസംഗം ആരെയും വിമർശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതൽ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു''- ശരവണൻ വ്യക്തമാക്കി.
Content Highlights: Jyothika speech Controversy, Hospital, Director Ra Saravanan opens up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..