തിരുവനന്തപുരം: സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ നിയമിച്ച റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ തത്കാലം ഒരു നടപടിയും ഉണ്ടാവില്ല. റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗസമിതി രൂപവത്കരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. നിയമ, സാംസ്കാരിക വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരും കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറിയും അംഗങ്ങളായ സമിതി റിപ്പോർട്ട് പരിശോധിക്കുമെന്നായിരുന്നു പ്രഖ്യാപനം.
നടി ശാരദ, ഐ.എ.എസ്. മുൻ ഉദ്യോഗസ്ഥ കെ.ബി. വത്സലാകുമാരി എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ. ശുപാർശകളിൽ അപ്രായോഗികതയുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കൂടുതൽ പരിശോധനകൾ വേണമെന്നുപറഞ്ഞ് റിപ്പോർട്ട് കഴിഞ്ഞ സർക്കാർ മാറ്റിവെച്ചത്. തള്ളുകയോ കൊള്ളുകയോ ചെയ്യാത്ത അവസ്ഥ. എന്നാൽ, അടുത്തിടെ റിപ്പോർട്ട് വീണ്ടും ചർച്ചകളിൽ വന്നതോടെയാണ് പരിശോധിക്കാൻ സമിതിയെ നിയോഗിക്കുമെന്നു സർക്കാർ പറഞ്ഞത്. എന്നാൽ, സമിതി രൂപവത്കരിച്ച് ഉത്തരവോ സർക്കുലറോ പുറത്തിറങ്ങിയിട്ടില്ല.
സിനിമാമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രിബ്യൂണൽ വേണമെന്നു ചലച്ചിത്ര അക്കാദമിയും നിർദേശിച്ചിരുന്നു. എന്നാൽ, പോലീസ്, വനിതാകമ്മിഷൻ, ലേബർ കോടതി തുടങ്ങിയ സംവിധാനങ്ങളുടെ ചട്ടക്കൂടുകൂടി പരിഗണിച്ചേ ട്രിബ്യൂണൽ വഴിയൊരു നിയമപരിരക്ഷ ഉറപ്പാക്കാനാവൂ. തൊഴിലിടത്തെ പീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ, തർക്കം, വേതനം, തൊഴിൽനിഷേധം എന്നിവയൊക്കെ പരിഹരിക്കുന്നതിനുള്ള നിയമസംവിധാനം പരിഗണിച്ചേ, നിലവിൽവന്നേക്കാവുന്ന മൂന്നംഗസമിതിക്കും മുന്നോട്ടുപോകാനാകൂ. ചലച്ചിത്രമേഖലയിലെ സംഘടനകളുമായി പലവട്ടം ഇതിന് ചർച്ച നടത്തേണ്ടിവരും. ചുരുക്കത്തിൽ ഉടനടി ഒന്നും നടക്കാനിടയില്ല.
എന്നാൽ, വേഗത്തിൽ പരിഹാരം വേണമെന്നാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ നിലപാട്. സമഗ്രമായ നിയമനിർമാണമാണ് മന്ത്രി ലക്ഷ്യംവെക്കുന്നതും.
Content Highlights: Justice Hema committee report, Malayala Cinema, Kerala Government, WCC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..