ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻ.ടി.ആർ - കൊരട്ടാല ശിവ ടീം ജനതാ ഗാരേജിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ജൂനിയർ എൻ.ടി.ആറിന്റെ കരിയറിലെ മുപ്പതാമത്തെ ചിത്രമായാണ് എൻ.ടി.ആർ 30 ഒരുങ്ങുന്നത്.

ചിത്രം അവതരിപ്പിക്കുന്നത് നന്ദമൂരി കല്ല്യാൺരാം ആണ്. യുവസുധ ആർട്സ് മിക്കിലിനെനി സുധാകറും എൻ.ടി.ആർ ആർട്സിന്റെ ബാനറിൽ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രത്തിന്റെ നിർമാണം.

ജൂൺ രണ്ടാം പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.. 2022 ഏപ്രിൽ 29 ന് ചിത്രം ഒന്നിലധികം ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

2016 ലാണ് ജൂനിയർ എൻ.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജിൽ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു.

ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ ആണ് ജൂനിയർ എൻ.ടി.ആറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

Content Highlights : Junior NTR Koratala Siva Movie NTR 30