സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആർ.ആർ.ആറിലെ ജൂനിയർ എൻ.ടി.ആറിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ജൂനിയർ എൻ.ടി.ആറിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റർ വന്നിരിക്കുന്നത്.

'സ്വർണ്ണത്തിന്റെ ഹൃദയമുള്ളവനാണ് എന്റെ ഭീമൻ, പക്ഷെ അവൻ എതിരിടാൻ ഇറങ്ങുമ്പോൾ അതിശക്തനും ധീരനുമായിരിക്കും,' എന്ന വാചകങ്ങളോടെയാണ് രാജമൗലി പോസ്റ്റർ പങ്കുവെച്ചത്.

അതേസമയം ജന്മദിനത്തിന്റെയോ പോസ്റ്റർ റിലീസിന്റെയോ ഭാഗമായി ആരാധകരാരും തന്നെ ആഘോഷത്തിന് നിൽക്കരുതെന്നും വീടുകളിൽ തന്നെ കഴിയണമെന്നും ജൂനിയർ എൻ.ടി.ആറും ആർ.ആർ.ആറിന്റെ അണിയറ പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.

'ഈ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് നിങ്ങൾക്ക് എനിക്ക് നൽകാനാവുന്ന ഏറ്റവും മികച്ച സമ്മാനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്നതാവും. കൊവിഡ് 19നെതിരെ നമ്മുടെ രാജ്യം യുദ്ധം ചെയ്യുകയാണ്. ആരോഗ്യരംഗവും കൊവിഡ് മുൻനിര പോരാളികളും കൊവിഡിനെതിരെ അക്ഷീണ പ്രയത്നം നടത്തുകയാണ്. നിസ്വാർത്ഥമായ സേവനമാണ് അവർ കാഴ്ചവെക്കുന്നത്.

കൊവിഡിനെ തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടമായി, ജീവിതമാർഗം നഷ്ടപ്പെട്ടു. ഇത് ആഘോഷിക്കാനുള്ള സമയമല്ല. മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണ്,' ജൂനിയർ എൻ.ടി.ആർ പറഞ്ഞു.

നേരത്തെ കൊവിഡ് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സഹായ അഭ്യർത്ഥനകൾ ക്രോഡീകരിക്കാനുമായി ആർ.ആർ.ആറിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് രാജമൗലി വിട്ടുനൽകിയിരുന്നു.

ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായത്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം 2020 ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. 2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് റിലീസ് തിയ്യതി മാറ്റുകയായിരുന്നു. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.

ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേരിന്റെ പൂർണ്ണരൂപം.
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്.

content highlights : junior ntr birthday RRR movie new poster rajamouli ram charan