ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി-നയന്‍താര താരജോഡികള്‍ ഒന്നിച്ച ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തീയേറ്ററുകളിലെത്തുകയാണ് . ഈയവസരത്തില്‍ ധ്യാനിന് ആശംസകളുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന്റെ ലൊക്കേഷനില്‍ വച്ച് ധ്യാനിനെ ആദ്യമായി പരിചയപ്പെട്ട അനുഭവം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് 

ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വിനീതിന്റെ കൂടെ തട്ടത്തിന്‍ മറയത്തെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കിടെ വിനീതിന്റ ആന്റിയുടെ വീട്ടില്‍ വച്ചാണ് ധ്യാനിനെ ഞാന്‍ ആദ്യം കാണുന്നത് . അന്ന് അവന്‍ ഒരു ഷോര്‍ട് ഫിലിം ചെയ്യാന്‍ പ്ലാന്‍ ഉണ്ട് എന്നൊക്കെ പറയുന്ന കൂട്ടത്തില്‍ ഒരു പാട്ടു പാടി . അപ്പൊ ഞാന്‍ ചോദിച്ചു 'ആഹാ നീ പാട്ടൊക്കെ പാടുവോ ?' .അവന്‍ അല്പം ദേഷ്യത്തോടെ മറുപടി പറഞ്ഞു. ' അതെന്താ എനിക്കും പാടാന്‍ പാടില്ലേ?ഞാനും ശ്രീനിവാസന്റെ മോന്‍ തന്നെയാ '.

അതെ അവനും ശ്രീനിവാസന്‍ സാറിന്റെ മോനാ ,വിനീതിന്റെ അനിയനും ഞങ്ങളുടെ കുഞ്ഞനിയനുമാണ് . അവന്റെ പടം നാളെ ഇറങ്ങുകയാണ് . ഒന്ന് ഞാന്‍ ഉറപ്പിച്ചു പറയാം .അവന്‍ നിങ്ങളെ നിരാശരാക്കില്ല . LAD

Jude anthany joseph

ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും.

ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. 

Content Highlights : Jude Anthany Joseph About Dhyan Sreenivasan directorial debut Love Action Drama