'ങ്ങ് ദൂരെ ഒരു ദേശത്ത്' എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തേടിയെടുത്തുമ്പോള്‍ സംവിധായകന്‍ ജോഷി മാത്യു ഓര്‍ത്തെടുക്കുന്നത് മാതൃഭൂമി ദിനപത്രത്തിലെ ഒരു വാര്‍ത്തയാണ്.. 
'വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ആ വാര്‍ത്തയാണ് ഈ ചിത്രത്തിന്റെ കഥക്ക് ആധാരം. വയനാട്ടിലെ ഒരു ആദിവാസി കുടിയില്‍ അധ്യാപകരില്ലാത്തതു കൊണ്ട് നിലച്ചുപോയ ഒരു സ്‌കൂളിനെ കൈ പിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു റിട്ടയര്‍ഡ് അധ്യാപകന്റെ കഥയായിരുന്നു വാര്‍ത്തയില്‍. സിനിമയില്‍ അധ്യാപകനെ അധ്യാപികയാക്കി മാറ്റിയെന്ന് മാത്രം. കലാമണ്ഡലം കൃഷ്ണന്‍ നായരുടേയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടേയും മകള്‍ കലാവിജയനാ ണ് അധ്യാപികയായി അഭിനയിച്ചത്.

'ബാലസാഹത്യകാരന്‍ പാലാ കെ എം മാത്യുവിന്റെ മകന്‍ ജോഷി മാത്യുവിന് കുട്ടികളുടെ സാഹിത്യം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്.. കുട്ടികളുടെ കഥ എഴുത്തുകാരനായ അച്ഛന്റെ മകന്‍. പക്ഷേ കഥ പറയാനായി തിരഞ്ഞെടുത്തത് സിനിമയാണെന്ന് മാത്രം. ആ വഴി ജോഷി മാത്യുവിന് നല്‍കിയത് അവാര്‍ഡുകളുടെ പൊന്നിന്‍ കസേര വലിച്ചിട്ടിരിക്കാന്‍ കിട്ടിയ അവസരം. ഇത് രണ്ടാം തവണയാണ് ജോഷിയുടെ കുട്ടിച്ചിത്രത്തിനുള്ള അവാര്‍ഡ് തേടിയെത്തുന്നത്. മുന്‍പ് 'ബ്‌ളാക്ക് ഫോറസ്റ്റ'് എന്ന ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടി. ഒപ്പം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും.

'20വര്‍ഷത്തിനു മുന്‍പാണ് ഞാന്‍ 'നവയുഗ' എന്ന നാടക ചലച്ചിത്ര കളരി ആരംഭിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടി കഥ പറയാനും അവരെ കൊണ്ടു കഥ പറയിക്കാനും ഒരു വേദി എന്ന രീതിയിലാണ് തുടങ്ങിയത്. പിന്നീട് കുട്ടികളിലൂടെ ആ സംഘടനയും വളര്‍ന്നു. നാടകവും സിനിമയും പരിചയപ്പെടുത്തുന്ന വേദി കൂടിയായി. നവയുഗിന്റെ അനുഭവങ്ങളാണ് കുട്ടികള്‍ക്കായസിനിമ എടുക്കാന്‍ പ്രചോദനമായത്.' ജോഷി മാത്യു പറയുന്നു

പത്മരാജിന്റെ 'പെരുവഴിയമ്പലം' മുതല്‍ അവസാന ചിത്രമായ 'ഞാന്‍ ഗന്ധര്‍വ്വന്‍' വരെയുള്ള ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്ന ജോഷി മാത്യു ഇതിനോടകം ഒന്‍പതു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഭാര്യ മോളി മാത്യു മക്കള്‍ സുദീപ്, സന്‍ജു. സുദീപും ഭാര്യ ഗീതികയും ചേര്‍ന്നാണ് കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സന്‍ജുവിന്റെ മകന്‍ ഇസഹാക്ക് 'അങ്ങ് ദൂരെ ഒരു ദേശത്തി'ലെ ബാലതാരവുമാണ്. അങ്ങനെ സിനിമയും നാടകവും ഇഴചേര്‍ന്ന ഒരു കുടുംബമാണ് ജോഷി മാത്യുവിന്റേത്.

Content Highlights : Joshy Mathew, best children's film award for 'Angu doore oru deshathu'