ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തില്‍ നിന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ പിന്‍മാറി. ജോമോന് പകരം സന്താന കൃഷ്ണന്‍ ക്യാമറയുടെ ചുമതലയേല്‍ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഈ അപ്രതീക്ഷിത മാറ്റത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല.

തുടര്‍ന്ന് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പിന്‍മാറ്റത്തിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോൻ.

രോഹിത്ത് ഷെട്ടി, അജയ് ദേവ്ഗണ്‍, പരിണീതി ചോപ്ര, തബു എന്നിവര്‍ക്കൊപ്പം ഗോല്‍മാല്‍ എന്ന ചിത്രം ചെയ്യുന്ന കാര്യം ഞാന്‍ ഇവിടെ അറിയിക്കുന്നു. എന്നാല്‍, എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വില നല്‍കേണ്ടി വരുമല്ലോ? ഗൗതം സാറിന്റെ ധ്രുവനച്ചത്തിരത്തില്‍ ഇനി ഞാനുണ്ടാവില്ല. രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ ഡേറ്റ് ഇല്ലാത്തതാണ് കാരണം. ഗോല്‍മാല്‍ ഞാന്‍ നേരത്തേ എറ്റെടുത്ത ചിത്രമാണ്. ഈ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്. നിങ്ങളുടെ സ്‌നേഹത്തിനും  പ്രാര്‍ഥനകള്‍ക്കും നന്ദി. 

ധ്രുവനച്ചത്തിരത്തിന്റെ ഏതാനും ഭാഗങ്ങള്‍ ജോമോന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള ഭാഗങ്ങളായിരിക്കും സന്താന കൃഷ്ണന്‍ ഏറ്റെടുക്കുക.

പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന്റെ മകനാണ് സന്താന കൃഷ്ണന്‍. ദിലീപ്, മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായാണ് സന്താന കൃഷ്ണന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 

വിക്രം നായകനായ ധ്രുവനച്ചത്തിരം ഓഗസ്റ്റിലാണ് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഋതു വര്‍മയാണ് ചിത്രത്തിലെ നായിക.