ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൊവാക്വിന്‍ ഫീനിക്‌സ്‌   ജോക്കറായി വേഷമിട്ട ചിത്രം ഒക്ടോബര്‍ 2019-നാണ് പുറത്തിറങ്ങിയത്. 

അമാനുഷികനായ ജോക്കറിന്റെ കഥയായിരുന്നില്ല ചിത്രത്തില്‍ അവതരിപ്പിച്ചത്. ദാരിദ്യവും തൊഴിലില്ലായ്മയും ജനരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്‌ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. 

സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് ജൊവാക്വിന്‍ ഫീനിക്‌സ്‌ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പരാധീനതകള്‍ തന്നിലേക്ക് പൂര്‍ണമായും ആവേശിച്ച് പ്രേക്ഷരില്‍ കടുത്ത വൈകാരികഭാരമാണ് ജൊവാക്വിന്‍ ഫീനിക്‌സ്‌ സൃഷ്ടിച്ചത്. ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കര്‍ വന്‍ വിജയമാവുകയും മികച്ച നടനുള്ള ഓസ്‌ക്കര്‍ പുരസ്‌കാരം ജൊവാക്വിന്‍ ഫീനിക്‌സ്‌ സ്വന്തമാക്കുകയും ചെയ്തു. 

രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ടു വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിച്ചത്. അതുകൊണ്ടു തന്നെ ആര്‍തറും സോഫിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് രണ്ടാം ഭാഗമെന്ന് അഭ്യൂഹമുണ്ട്. ചിത്രത്തില്‍ ബാറ്റ്മാന്‍ വരുമെന്നും അതുകൊണ്ടു തന്നെ കോമിക് ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജൊവാക്വിന്‍ ഫീനിക്‌സിന് പുറമേ റോബര്‍ട്ട് ഡി നീറോ, സാസി ബീറ്റ്‌സ്, ബില്‍ കാമ്പ്, ബ്രെറ്റ് കുല്ലെന്‍, ജോഷ് പൈസ് തുടങ്ങിയവരാണ് ഒന്നാം ഭാഗത്തില്‍ ഉണ്ടായത്.

Content Highlights: Joker 2 Reportedly Still In Development, Joaquin Phoenix ,Batman series